ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുകയാണ്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസത്തെ ഇടപാടുകൾ അവസാനിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ കുറഞ്ഞ് 88.76 എന്ന റെക്കോർഡ് താഴ്ചയിൽ എത്തി. ഇന്റർബാങ്ക് വിദേശ വിനിമയ വിപണിയിൽ 88.68-ൽ ആരംഭിച്ചെങ്കിലും ആക്കം കൂട്ടാനാകാതെ രൂപ നിലംപതിക്കുകയായിരുന്നു.
തുടർച്ചയായ അഞ്ചാം മാസത്തെ ഇടിവ്
സെപ്റ്റംബറിൽ കറൻസി 0.7% ഇടിഞ്ഞു, തുടർച്ചയായ അഞ്ചാം മാസത്തെ ഇടിവ് രേഖപ്പെടുത്തി, കഴിഞ്ഞ അഞ്ച് മാസത്തിനിടെ മൊത്തം 5% ഇടിവ് നേരിട്ടു. നേരത്തെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന മൂല്യം സെപ്റ്റംബർ 11 ന് 88.47 ആയിരുന്നു. പിന്നാലെ സെപ്തംബർ 24 നും 88.76 ൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഇതിനിടെ കഴിഞ്ഞ വർഷത്തെ 88.28 ൽ നിന്ന് 88.41 ൽ എത്തി എങ്കിലും കൂടുതൽ മൂല്യ നഷ്ടം ഉണ്ടായി.
ഗൾഫ് കറൻസികളും കരുത്താർജിക്കുന്നു; പ്രവാസികൾക്ക് നേട്ടം
കഴിഞ്ഞമാസം ഇന്ത്യയിലേക്ക് ഒരു ഡോളർ അയച്ചാൽ 87 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇന്നത് 88.75 രൂപയിലധികമാണ്. ജിസിസി കറൻസികളായ യുഎഇ ദിർഹം, സദി റിയാൽ, ഖത്തർ റിയാൽ തുടങ്ങിയവയുടെ മൂല്യവും രൂപയ്ക്കെതിരെ ഉയർന്നിരിക്കയാണ്. ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. 2024 ൽ 12,940 കോടി രൂപയായിരുന്നു.
യുഎസ് : 27.7%, യുഎഇ : 19.2%, യുകെ : 10.8%, സൗദി അറേബ്യ : 6.7%, സിംഗപ്പുർ : 6.6% എന്നിങ്ങനെയാണ് ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള വിഹിതം. ഗൾഫ് രാജ്യങ്ങളെ മൊത്തത്തിൽ പരിഗണിക്കുമ്പോൾ യു എസിനെക്കാൾ അധികം വരും.
മുന്നോട്ടുള്ള വഴി
രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് (RBI) വിദേശ നാണ്യ വിപണിയിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ടിവരും എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
















