പറപ്പൂക്കര: അച്ഛനെ വെട്ടി പരുക്കേൽപിച്ച ശേഷം വീടിന്റെ മേൽക്കൂരയിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് ഒടുവിൽ പോലീസിന് കീഴടങ്ങി. നാട്ടുകാരെയും പൊലീസിനെയും 5 മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിയശേഷം ആണ് ഇയാൾ കീഴടങ്ങിയത്.
മുത്രത്തിക്കര ശിവക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മേക്കാടന്‍ ശിവനെ(68)യാണ് മകന്‍ വിഷ്ണു(34) വെട്ടിയത്. കഴുത്തിലും തലയിലും വെട്ടേറ്റ ശിവനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. 40 ദിവസത്തോളമായി വിഷ്ണു വീട്ടില്‍ തനിച്ചായിരുന്നു. മകളുടെ വീട്ടിലായിരുന്ന ശിവന്‍ ഭാര്യയോടും ബന്ധുവിനോടുമൊപ്പം വീട്ടിലെത്തിയതായിരുന്നു.
ഇവരെ വീട്ടിനുള്ളിലേക്ക് കടക്കാന്‍ വിഷ്ണു അനുവദിച്ചില്ല. ശിവനും വിഷ്ണുവുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ വിഷ്ണു കൊടുവാളുകൊണ്ട് അച്ഛനെ വെട്ടി. അമ്മയെ വെട്ടാന്‍ ശ്രമിച്ചെങ്കിലും ബന്ധു തടഞ്ഞു. ഇദ്ദേഹമാണ് പോലീസിനെ അറിയിക്കുകയും ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്തത്.
അപ്പോഴേക്കും വിഷ്ണു കത്തിയുമായി വീടിന്റെ മച്ചില്‍ കയറിയിരുന്നു. പോലീസ് തിടുക്കപ്പെട്ട് നടപടിക്കൊരുങ്ങിയില്ല. ഏറെനേരം അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതിരുന്നതോടെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്താന്‍ തീരുമാനിച്ചു.
തട്ടിന്റെ നാല് ജനലുകള്‍ പൊളിച്ച പോലീസ് അകത്തു കടക്കാന്‍ ഒരുങ്ങുന്നതിനിടെ മച്ചിന്റെ വാതില്‍ വഴി വിഷ്ണു ഓടിനു മുകളിലേക്കിറങ്ങി. വൈകീട്ട് അഞ്ചരയോടെ വിഷ്ണു പോലീസിന്റെ സമ്മര്‍ദത്തിനു വഴങ്ങി താഴെയിറങ്ങി. പുതുക്കാട് പോലീസ് എസ്എച്ച്ഒ ആദംഖാന്‍, എസ്‌ഐ എന്‍. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.
















