ന്യൂഡൽഹി: വിവാദ ചുമ മരുന്ന് ആയ ‘കോൾഡ്രിഫ്’ തെലങ്കാനയും നിരോധിച്ചു. മധ്യപ്രദേശ്, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ മരുന്ന് നിരോധിച്ചതിന് പിന്നാലെയാണ് തെലങ്കാന സർക്കാരിന്റെ നടപടി. ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 14 ആയി. മധ്യപ്രദേശിൽ ചുമ മരുന്ന് കഴിച്ച് 9 കുട്ടികൾ ആണ് മരിച്ചത്. മഹാരാഷ്ട്രയിൽ രണ്ടും രാജസ്ഥാനിൽ ഒരു കുട്ടിയും മരിച്ചിരുന്നു.
അതിനിടെ, മധ്യപ്രദേശിൽ കുട്ടികൾക്ക ചുമ മരുന്ന് നിർദേശിച്ച ഡോ. സോണി അഗർവാൾ അറസ്റ്റിലായി. മധ്യപ്രദേശ് പൊലീസ് ആണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഡോക്ടർക്കും മരുന്നു കമ്പനിക്കും എതിരെ മധ്യപ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബി.എൻ.എസ് 276, 105, 27 എ എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
തമിഴ്നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉൽപാദന കേന്ദ്രത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി പരിശോധനകൾ നടന്നു വരികയാണ്. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് ഇവർ മരുന്ന് വിതരണം ചെയ്യുന്നത്. മരുന്നിന്‍റെ സാമ്പിളുകൾ ലാബിൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരണപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് തമിഴ്നാടും കേരളവും ചുമ മരുന്നിന്‍റെ വിൽപന നിരോധിച്ചത്. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നിർമിക്കുന്ന കഫ് സിറപ്പിന്‍റെ വിൽപന ഒക്ടോബർ ഒന്ന് മുതൽ നിരോധിച്ചാണ് തമിഴ്നാട് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉത്തരവിറക്കിയത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികളുടെ മരണത്തിന് കാരണം പനിക്കും ചുമക്കും നിർദേശിക്കുന്ന കോൾഡ്രിഫ് കഴിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. കഫ് സിറപ്പ് കഴിച്ച കുട്ടികളിൽ ശർദ്ദിയും വയറിളക്കവും ഉൾപ്പെടെ ഡൈതെലീൻ ഗ്ലൈസോൾ ഉള്ളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങളാണ് പ്രകടമായത്.
അതേസമയം, ചുമ മരുന്ന് ‘കോൾഡ്രിഫ്’ കേരളത്തിൽ നിരോധിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പിന്‍റെ എസ്.ആര്-13 ബാച്ചില്‍ പ്രശ്നം കണ്ടെത്തിയെന്ന കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്‍റെ വിൽപന കേരളത്തില്‍ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലാക്കിയതെന്നും സുരക്ഷയെ കരുതിയാണ് നിരോധനമെന്നും മന്ത്രി അറിയിച്ചു.
കഫ് സിറപ്പുകളുടെ ഉപയോഗത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡി.ജി.എച്ച്.എസ്) പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകരുതെന്നും അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് മരുന്ന് നിർദേശിക്കരുതെന്നുമാണ് പ്രസ്താവന. അണുബാധയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഡി.ജി.എച്ച്.എസിന്റെ മുന്നറിയിപ്പ്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമക്കും ജലദോഷത്തിനുമുള്ള മരുന്നുകൾ നിർദേശിക്കുകയോ നൽകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം.
















