ഡൽഹി: ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ പത്തിനാണ് ആന്തരീകാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കുക. ഫലം വന്നതിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോസാമിയുടെ മൊഴി മാത്രമാണ് വിഷം നൽകിയേക്കാം എന്നത്. എന്നാൽ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരിപാടിയുടെ ഭാഗമായി സിംഗപ്പൂരിൽ എത്തിയ അസം സ്വദേശികൾ ഉടൻ തിരികെ എത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇവർ തിരികെ എത്തിയാൽ മാത്രമേ അന്വേഷണം പൂർത്തീകരിക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത കൂടുകയാണ്. മാനേജറും പരിപാടി സംഘാടകനും ചേർന്ന് സുബീന് വിഷം നൽകിയതാവാമെന്ന് സഹപ്രവർത്തകൻ പൊലീസിന് മൊഴി നൽകി. അന്വേഷണത്തിന്റെ ഭാഗമായി സുബീന്റെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
15 ദിവസങ്ങൾ, രണ്ട് രാജ്യങ്ങളിലായി രണ്ടു പോസ്റ്റുമോർട്ടം, നാല് അറസ്റ്റുകൾ. പക്ഷേ ഇതുവരെ സുബീൻ ഗാർഗിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് ആക്കം കൂട്ടിയാണ് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസാമിയുടെ പുതിയ മൊഴി. സിംഗപ്പൂരിൽ വെച്ച് സുബീന്റെ മാനേജർ സിദ്ധാർത്ഥ് ശർമയും പരിപാടി സംഘാടകൻ ശ്യാംകാനു മഹന്തയും സുബീന് വിഷം നൽകിയതാവാം എന്ന് ഗോസാമി പൊലീസിനു മൊഴി നൽകിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സുബിന്റെ മരണത്തിനു മുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥ് ശർമയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതായും ഗോസാമിയുടെ മൊഴിയിൽ പറയുന്നു.
സുബീന്റെ മരണദിവസം കപ്പൽ യാത്ര ചെയ്ത ബോട്ടിന്റെ നിയന്ത്രണം സിദ്ധാർത്ഥ് നിർബന്ധപൂർവ്വം കൈക്കലാക്കിയെന്നും ഗോസാമി മൊഴിയിൽ പറഞ്ഞതായാണ് റിപ്പോർട്ട്. കൂടാതെ സുബീൻ ഗാർഗിന് നീന്തൽ അറിയാമായിരുന്നുവെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ സുബിൻ വെള്ളത്തിൽ മുങ്ങിമരിക്കില്ലെന്നും ഗോസാമി പോലീസിനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമയുടെയും സഹോദരി പാൽമെയുടെയും മൊഴിയാണ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്.
നിലവിൽ സിദ്ധാർത്ഥ് ശർമ്മയ്ക്കെതിരെയും ശ്യാംകാനു മഹന്തക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ലാപ്ടോപ്പുകളിൽ നിന്നും ഫോണിൽ നിന്നും ഫോറൻസിക് സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. സിംഗപ്പൂരിലെ നോർത്തീസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ സംഘാടകനായ ശ്യാംകാനു മഹന്തയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്തും. ഇതിനായി ഇഡിയും ഇൻകം ടാക്സ് വിഭാഗവും കേസ് അന്വേഷണത്തിൽ പങ്കുചേരും എന്നാണ് സൂചന. കൂടാതെ സുബീൻ ഗാർഗിന്റെ മരണത്തിൽ ജുഡീഷണൽ അന്വേഷണം നടത്താനും അസം സർക്കാർ തീരുമാനമെടുത്തു. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക.
















