വാഹനം ഓടിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്, പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിലും ഇടുങ്ങിയ റോഡുകളിലും, വൃത്തിയായി പാർക്ക് ചെയ്യുക എന്നതാണ്. പലപ്പോഴും, കൃത്യമല്ലാത്ത പാർക്കിങ് അനാവശ്യമായ ഗതാഗതക്കുരുക്കുകൾക്കും മറ്റ് പ്രശ്‌നങ്ങൾക്കും വഴിവെക്കാറുണ്ട്.
എന്നാൽ, ശരിയായ രീതിയിൽ വാഹനം പാർക്ക് ചെയ്യുക എന്നത് ഏതൊരാൾക്കും എളുപ്പത്തിൽ പരിശീലിച്ചെടുക്കാൻ കഴിയുന്ന ഒരു ഡ്രൈവിംഗ് മികവാണ്. ഇതിനായി ചില അടിസ്ഥാന കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഓടിക്കുന്ന വാഹനത്തിന്റെ വലിപ്പത്തെക്കുറിച്ച് ഡ്രൈവ് ചെയ്യുന്നയാള്‍ക്ക് വ്യക്തമായ ധാരണ വേണം. വാഹനത്തിന്റെ നീളത്തേയും വീതിയേയും കുറിച്ച് അറിവു വേണം. അനുയോജ്യമായ പാര്‍ക്കിങ് സ്ഥലം തിരഞ്ഞെടുക്കാന്‍ സ്വന്തം കാറിന്റെ വലിപ്പം മനസിലാക്കി വക്കുന്നത് ഗുണം ചെയ്യും.
ആധുനിക വാഹനങ്ങളില്‍ പാര്‍ക്കിങ് സെന്‍സറുകളും ക്യാമറകളും അടക്കമുള്ള സൗകര്യങ്ങളുണ്ട്. വളരെയെളുപ്പം അപകടരഹിതമായി വാഹനം പാര്‍ക്കു ചെയ്യാന്‍ ഇത് സഹായിക്കും. ഇത്തരം സൗകര്യങ്ങളെക്കുറിച്ചും ഇവ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാവണമെന്നു മാത്രം.
നേരെ വാഹനം മുന്നോട്ടോ പിന്നോട്ടോ പാര്‍ക്കു ചെയ്യാന്‍ ഭൂരിഭാഗത്തിനും ബുദ്ധിമുട്ടുണ്ടാവില്ല. അതേസമയം പാരലല്‍ പാര്‍ക്കിങ്ങിന്റെ കാര്യത്തിലാണ് പലരും പെട്ടുപോവുക. നിങ്ങളുടെ വാഹനം ഇടാന്‍ തക്ക സ്ഥലം ഉണ്ടോ എന്നതാണ് ആദ്യം പാരലല്‍ പാര്‍ക്കിങ്ങിന് ശ്രമിക്കുമ്പോള്‍ നോക്കേണ്ടത്. പാര്‍ക്കു ചെയ്യേണ്ട സ്ഥലത്തിന്റെ മുന്നിലെ വാഹനത്തിന്റെ പിന്നിലെ ബംപറും നിങ്ങളുടെ കാറിന്റെ പിന്‍ബംപറും നേര്‍രേഖയില്‍ എത്തിയെന്ന് ഉറപ്പിക്കണം. നിരയായി കിടക്കുന്ന കാറുകളില്‍ നിന്നും കുറഞ്ഞത് രണ്ട് അടിയോളം അകലത്തിലായിരിക്കണം നിങ്ങളുടെ കാര്‍ ഉണ്ടാവേണ്ടത്.
വലതുവശത്തേക്ക് സ്റ്റിയറിങ് പൂര്‍ണമായും ഒടിച്ച ശേഷം വാഹനം പിന്നിലേക്കെടുക്കുക. നിങ്ങളുടെ വാഹനത്തിന്റെ ഇടത്തേ മിററില്‍ പിന്നിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ് കാണുന്നതു വരെ വാഹനം പിന്നോട്ടെടുക്കാം. ഇതോടെ സ്റ്റിയറിങ് നേരെയാക്കി വീണ്ടും പിന്നിലേക്കെടുക്കുക.
നിങ്ങളുടെ കാറിന്റെ ഫ്രണ്ട് ബംപര്‍ മുന്നിലെ കാറിന്റെ പിന്നിലെ ബംപര്‍ കടന്നുവെന്ന് ഉറപ്പിക്കണം. ഇതിനുശേഷം സ്റ്റിയറിങ് ഇടത്തേക്ക് മുഴുവനായും തിരിച്ച ശേഷം വീണ്ടും പിന്നിലേക്കെടുക്കുക. കൃത്യം പൊസിഷനിലെത്തിക്കഴിഞ്ഞാല്‍ സ്റ്റിയറിങ് നേരെയാക്കി ആവശ്യത്തിന് മുന്നിലേക്കോ പിന്നിലേക്കോ എടുത്താല്‍ മതി.
ആദ്യമൊക്കെ ആശയക്കുഴപ്പം വരുമെങ്കിലും പരിശീലിച്ചു കഴിഞ്ഞാല്‍ ചെറിയ സ്ഥലത്തു പോലും എളുപ്പം പാര്‍ക്കു ചെയ്യാന്‍ നിങ്ങള്‍ക്കും സാധിക്കും.
















