തിരുവനന്തപുരത്ത് വർക്കലയിൽ വിനോദസഞ്ചാരിക്ക് മർദനമേറ്റതായി പരാതി. ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിക്കാണ് മർദനമേറ്റത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഗ്രീക്ക് സ്വദേശി റോബർട്ടിനാണ് മർദനമേറ്റത്.
ബീച്ചിൽ വാട്ടർ സ്പോർട്സ് നടത്തുന്ന ജീവനക്കാരാണ് മർദിച്ചത്. കഴിഞ്ഞ ദിവസം റോബർട്ടിന്റെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു.
ഇത് അന്വേഷിച്ച് ഇദ്ദേഹം ബീച്ചിൽ എത്തുകയും തുടർന്ന് കടലിൽ കുളിക്കാൻ ഇറങ്ങാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല. തുടർന്ന് റോബർട്ടും ജീവനക്കാരുമായി വാക്കുതർക്കം ഉണ്ടാവുകയും റോബർട്ടിനെ മർദിക്കുകയും ചെയ്തു എന്നാണ് വിവരം.
പോലീസ് എത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റോബർട്ടിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. റോബർട്ട് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്ന് വർക്കല പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
















