ഗാസ: ബോംബാക്രമണം നിർത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തിട്ടും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ഗാസയിലുടനീളമുള്ള ഇസ്രയേലി ആക്രമണങ്ങളിൽ 70 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ട് വെച്ച 20-ഇന പ്ലാനിലെ ചില ഘടകങ്ങൾ അംഗീകരിച്ചതായി ഹമാസ് അറിയിച്ചിട്ടും, ബോംബാക്രമണം നിർത്തണമെന്ന് ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടും, ഗാസയിൽ ആക്രമണം തുടരുകയാണ് ഇസ്രയേൽ.
ശനിയാഴ്ചത്തെ ബോംബാക്രമണങ്ങളിലും വ്യോമാക്രമണങ്ങളിലും കൊല്ലപ്പെട്ടവരിൽ 45ഓളം ഗാസയിലെ പേർ പട്ടിണിയിലായ മനുഷ്യരാണ്. ഇവിടെയാണ് ഇസ്രായേലി സൈന്യം സമീപ ആഴ്ചകളിലായി ആക്രമണം ശക്തമാക്കിയത്. ഏകദേശം ഒരു ദശലക്ഷം നിവാസികളെ തിരക്കേറിയ തെക്കൻ ഭാഗത്തേക്ക് പലായനം ചെയ്യാൻ ഇത് നിർബന്ധിതരാക്കി.
ഗാസ സിറ്റിയിലെ തുഫാഹ് പരിസരത്തുള്ള ഒരു വീടിന് നേരെ നടന്ന ഇസ്രായേലി ആക്രമണത്തിൽ പതിനെട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിൽ സമീപത്തെ നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
കൊല്ലപ്പെട്ടവരിൽ രണ്ട് മാസം മുതൽ എട്ട് വയസ്സ് വരെ പ്രായമുള്ള ഏഴ് കുട്ടികൾ ഉൾപ്പെടുന്നുണ്ടെന്ന് ഗാസയിലെ സിവിൽ ഡിഫൻസ് ഏജൻസി ടെലിഗ്രാമിൽ പങ്കുവെച്ച പ്രസ്താവനയിൽ അറിയിച്ചു.തെക്കൻ ഗാസയിലെ അൽ-മവാസിക്കടുത്തുള്ള ഒരു പലായന ക്യാമ്പിനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലി സൈന്യത്തിന്റെ ആക്രമണത്തിൽ, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു.
പലസ്തീൻ കുടുംബങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേലി സൈന്യം നിർദ്ദേശിച്ച, മാനുഷിക സഹായത്തിനായുള്ള ‘സുരക്ഷിത മേഖല’ എന്ന് വിളിക്കപ്പെടുന്ന പ്രദേശമാണ് അൽ-മവാസി. എന്നാൽ കഴിഞ്ഞ കുറച്ച് ആഴ്ചകളിലും മാസങ്ങളിലും ഈ പ്രദേശവും ആവർത്തിച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഗാസയുടെ മധ്യഭാഗത്തുള്ള നുസൈറാത്ത് അഭയാർത്ഥി ക്യാമ്പ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിലും വ്യോമാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
















