പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനു പിന്നാലെ ഒൻപതു വയസുകാരിയുടെ കൈമുറിച്ചുമറ്റിയ സംഭവത്തിൽ കുട്ടിയുടെ കൈയിൽ എങ്ങനെ പഴുപ്പ് വന്നത് എന്ന ഉത്തരമില്ലാതെ പ്രാഥമികാന്വേഷണ റിപ്പോർട്ട്.
ഓഗസ്റ്റ് 24, 25 തീയതികളിൽ കുട്ടിയുടെ കൈയിലെ രക്തയോട്ടത്തിന് പ്രശ്നങ്ങളൊന്നും കാണുന്നില്ല. മുപ്പതാം തീയതി രക്തയോട്ടം ഇല്ലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. എന്നാൽ എങ്ങനെയാണ് രക്തയോട്ടം നിലച്ചത് എന്നത് സംബന്ധിച്ച് ഒരു കാരണവും അന്വേഷണ റിപ്പോർട്ടിൽ പരാമർശമില്ല.
പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ പല്ലശ്ശനയിലെ ഒൻപതുവയസ്സുകാരിയുടെ കൈ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തിൽ ഡിഎംഒ നിയോഗിച്ച അന്വേഷണസമിതി റിപ്പോർട്ട് ആണ് കഴിഞ്ഞ ദിവസം ഡിഎംഒയ്ക്ക് സമർപ്പിച്ചത്. ജില്ലാ ആശുപത്രിയിൽ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗം അസി. പ്രൊഫ. ഡോ. കെ.എം. സിജു, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ. കെ.ടി. ജവഹർ എന്നിവരാണ് ആശുപത്രിയിലെത്തി അന്വേഷണം നടത്തി മൂന്നുപേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത്.
കുട്ടിക്ക് പരിക്കുപറ്റിയ 24-ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഓർത്തോ ഡോക്ടറുടെ സേവനവും പൊട്ടിയ എല്ലുകൾക്ക് ശാസ്ത്രീയചികിത്സയും ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അന്ന് കൈയിലെ രക്തയോട്ടത്തിന് കുഴപ്പമില്ലായിരുന്നെന്ന്, ചികിത്സ നടത്തിയ ഡോക്ടറുടെ മൊഴിയിൽനിന്നും ഒപി ടിക്കറ്റ് പരിശോധനയിൽനിന്നും വ്യക്തമായെന്നും റിപ്പോർട്ടിലുണ്ട്.
25-ന് കുട്ടിയെ ഒപിയിൽ പരിശോധിച്ച ഡോക്ടറുടെ മൊഴിപ്രകാരം കുട്ടിക്ക് കൈയിന്റെ പേശിക്കുചുറ്റുമുള്ള അടഞ്ഞ ഭാഗങ്ങളിൽ രക്തസമ്മർദം വർധിക്കുന്ന കംപാർട്ട്മെന്റ് സിൻഡ്രോം എന്ന രോഗാവസ്ഥയോ നീർവീക്കമോയില്ല. എന്നാൽ, 30-ന് കുട്ടി ഒപിയിൽ എത്തുമ്പോൾ രക്തയോട്ടം നിലച്ച നിലയിലായിരുന്നു. തുടർപരിശോധനകൾക്കുശേഷം രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം അളക്കുന്ന ഡോപ്ളർ പരിശോധനയും നടത്തി. പ്രധാന ഞരമ്പുകളിൽ രക്തയോട്ടമില്ലെന്ന് കണ്ടെത്തിയതോടെ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർചെയ്തു. 25-നും 30-നുമിടയ്ക്കുള്ള ദിവസങ്ങളിൽ കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കുപുറമേ, ജില്ലാ ആശുപത്രിയിലെ ഓർത്തോ ഒന്നാംവിഭാഗത്തിന്റെ മേധാവി ഡോ. ടോണി ജോസിൽനിന്നും സമിതി മൊഴിയെടുത്തിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ശനിയാഴ്ചതന്നെ ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ. റീനയ്ക്ക് കൈമാറി. റിപ്പോർട്ട് പരിശോധിച്ചശേഷം ഡയറക്ടർ ഇക്കാര്യത്തിലെ അഭിപ്രായം സഹിതം ആരോഗ്യമന്ത്രിക്ക് കൈമാറും.
















