കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ പിസ്സ റെസിപ്പി നോക്കിയാലോ? കുട്ടികളെ കൈയിലെടുക്കാൻ ഈ ഇത്തിരി കുഞ്ഞൻ പിസ്സ മതി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
മാവിനായി
- മൈദ: 2 കപ്പ്
- ഈസ്റ്റ് : 1 ടീസ്പൂൺ
- പഞ്ചസാര: 1 ടീസ്പൂൺ
- ഉപ്പ്: 1/2 ടീസ്പൂൺ
- ഒലിവ് ഓയിൽ: 2 ടേബിൾസ്പൂൺ
- ഇളം ചൂടുവെള്ളം: 3/4 കപ്പ് (ആവശ്യാനുസരണം)
ഫില്ലിങ്ങിനായി
- പിസ്സ സോസ്: 1/4 കപ്പ്
- മൊസറല്ല ചീസ് (ചീകിയത്): 1/2 കപ്പ്
- സവാള (ചെറുതായി അരിഞ്ഞത്): 1/4 കപ്പ്
- കാപ്സിക്കം (ചെറുതായി അരിഞ്ഞത്): 1/4 കപ്പ്
- പോർക്ക്/ചിക്കൻ സോസേജ് (അല്ലെങ്കിൽ വേവിച്ച ചിക്കൻ കഷണങ്ങൾ): 1/4 കപ്പ് (ഓപ്ഷണൽ)
- ഒറിഗാനോ: 1/2 ടീസ്പൂൺ
- ചില്ലി ഫ്ലേക്സ്: 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
മാവ് തയ്യാറാക്കൽ
ഒരു വലിയ പാത്രത്തിൽ മൈദ, ഈസ്റ്റ്, പഞ്ചസാര, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഒലിവ് ഓയിലും ഇളം ചൂടുവെള്ളവും ചേർത്ത് മൃദുവായി കുഴയ്ക്കുക. മാവ് ഒരു തുണി ഉപയോഗിച്ച് മൂടി, 1 മണിക്കൂർ നേരം പൊങ്ങാനായി ചൂടുള്ള ഒരിടത്ത് വെക്കുക. മാവ് ഇരട്ടിച്ച് വലുപ്പമാകുമ്പോൾ ഉപയോഗിക്കാം.
ഫില്ലിംഗ് തയ്യാറാക്കൽ
ഒരു പാനിൽ അൽപ്പം എണ്ണയൊഴിച്ച് ചൂടാക്കുക. അരിഞ്ഞുവെച്ച സവാളയും കാപ്സിക്കവും ചേർത്ത് ചെറുതായി വഴറ്റുക. ഇതിലേക്ക് സോസേജോ വേവിച്ച ചിക്കൻ കഷണങ്ങളോ ചേർത്ത് ഒരു മിനിറ്റ് ഇളക്കുക. തീ ഓഫ് ചെയ്ത ശേഷം, പിസ്സ സോസ്, ഒറിഗാനോ, ചില്ലി ഫ്ലേക്സ്, മൊസറല്ല ചീസ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊങ്ങിയ മാവ് എടുത്ത് വീണ്ടും കുഴച്ച് ചെറിയ ഉരുളകളാക്കുക. ഓരോ ഉരുളയും എടുത്ത് ചതുരാകൃതിയിൽ (ഏകദേശം 5-6 ഇഞ്ച് നീളത്തിൽ) പരത്തുക. പരത്തിയ മാവിന്റെ ഒരു പകുതിയിൽ, അരികുകളിൽ അര ഇഞ്ച് ഒഴിച്ചിട്ട് ഫില്ലിംഗ് വെക്കുക. മാവിന്റെ മറ്റേ പകുതി ഫില്ലിംഗ് വെച്ച ഭാഗത്തേക്ക് മടക്കി, അരികുകൾ ഫോർക്ക് ഉപയോഗിച്ച് നന്നായി അമർത്തി ഒട്ടിക്കുക.
പോക്കറ്റ്‌സിന്റെ മുകളിൽ അൽപ്പം ഒലിവ് ഓയിൽ പുരട്ടുക (ഓപ്ഷണൽ). പോക്കറ്റുകൾ ഒരു ബേക്കിംഗ് ട്രേയിൽ വെച്ച് 180°C താപനിലയിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ 15 മുതൽ 20 മിനിറ്റ് വരെ, അല്ലെങ്കിൽ മുകൾഭാഗം ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക. ബേക്ക് ആയതിനു ശേഷം ചൂടോടെ ഈ പലഹാരം ചായക്കൊപ്പം കഴിക്കാവുന്നതാണ്.
















