ന്യൂഡൽഹി: സോനം വാങ്ചുകിനെ ദേശീയ സുരക്ഷ നിയമം ചുമത്തി തടവിലിട്ടതിനെ ചോദ്യം ചെയ്ത ഭാര്യ സമർപ്പിച്ച ഹർജി സുപ്രീംകോടതി നാളെ (തിങ്കളാഴ്ച) പരിഗണിക്കും. വാങ്ചുകിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ഹർജിയിൽ ഭാര്യ ഗീതാഞ്ജലി ആങ്മോ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാനാണ് സുപ്രീംകോടതി പട്ടികപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. വാങ്ചുകിനെ തടവിലിട്ടത് അന്യായമായാണെന്നും ഭരണഘടന വിരുദ്ധമാണെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
സെപ്റ്റംബർ 26നാണ് വാങ്ചുകിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്നത്. വിചാരണ കൂടാതെ 12 മാസം തടവിലിടാൻ അനുമതി നൽകുന്നതാണ് നാഷനൽ സുരക്ഷ നിയമം(എൻ.എസ്.എ). അതോടൊപ്പം ഭർത്താവിനെ നേരിൽ കാണാനും ഫോണിൽ സംസാരിക്കാനും അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഗീതാഞ്ജലി ആഭ്യന്തരമന്ത്രാലയം, ലഡാക്ക് ഭരണകൂടം, ലെ ഡെപ്യൂട്ടി കമീഷണർ, ജോധ്പൂർ ജയിൽ സൂപ്രണ്ട് എന്നിവർക്കും അപേക്ഷ നൽകിയിട്ടുണ്ട്.
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം നയിച്ചത്. ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തുന്ന സമരമാണ് അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലു പേരുടെ മരണത്തിലും കലാശിച്ചത്.എന്നാൽ, നാലുപേരുടെ മരണത്തിനും 80 പേരുടെ പരിക്കിനും ഇടയാക്കിയ സംഘർഷത്തിന് പിന്നാലെ വാങ്ചുക് നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു.നിരാഹാരസമരം നയിച്ചതിന് പ്രതികാര നടപടിയെന്നോണം വാങ്ചുകിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങുകയും വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തു.ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്ത ആഭ്യന്തര മന്ത്രാലയത്തെയാണ് സംഘർഷത്തിൽ വാങ്ചുക് കുറ്റപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായും ലഡാക്കിലെ ജനപ്രതിനിധികളുമായുമുള്ള സംഭാഷണങ്ങളിൽ അസന്തുഷ്ടരായ ചില സംഘങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് ആഭ്യന്തര മന്ത്രലായം ആരോപിക്കുന്നത്.
















