കോട്ടയം: കോട്ടയം കുറവിലങ്ങാട് ജെസി മരിച്ചസംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജെസിയുടെയും ഭർത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ എതിർത്തതോടെയാണ് ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയിൽ തള്ളിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്.
ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 50 അടി താഴ്ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലസ്‌വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസി ആദ്യമായി സാമിനെ കണ്ടത്. സാമിന്റെ പ്രണയാഭ്യർഥനയോടെയാണ് ആ ബന്ധം ശക്തമായത്. ജെസിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. 1994ൽ ബെംഗളൂരുവിലെ വിവേക് നഗറിൽ വച്ചായിരുന്നു ഇരുവരും മാത്രമായ വിവാഹച്ചടങ്ങ്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റർ ചെയ്യുകയോ മറ്റ് നടപടികൾ പൂർത്തിയാക്കുകയോ ചെയ്തില്ല. ഈ സമയം മുൻ ബന്ധത്തിൽ സാമിന് ഒരു കുട്ടിയുണ്ടായിരുന്നു. വിവാഹശേഷം ഈ കുട്ടിയെയും ജെസി സ്വന്തം പോലെ വളർത്തി. പിന്നീട് രണ്ടു കുട്ടികൾ കൂടി ഇവർക്കുണ്ടായി.
മറ്റു സ്ത്രീകളുമായി സാമിന്റെ ബന്ധം ജെസി അറിഞ്ഞതോടെയാണ് വഴക്ക് തുടങ്ങിയത്. 2005 വരെ കുടുംബം സൗദിയിലെ ജിദ്ദയിൽ ആയിരുന്നു. കുടുംബ പ്രശ്നങ്ങളൊന്നും മറ്റുള്ളവരെ അറിയിക്കുന്ന സ്വഭാവം ജെസിക്ക് ഇല്ലാതിരുന്നതിനാൽ ഇത്തരം തർക്കങ്ങൾ ആരും അറിഞ്ഞിരുന്നില്ല. 2005ൽ ജെസി നാട്ടിൽ കാണക്കാരിയിലേക്ക് വന്നെങ്കിലും സാം വിദേശത്ത് തുടർന്നു. വിദേശ വനിതകളെ സാം വീട്ടിലെത്തിച്ച് താമസിപ്പിക്കുന്നുണ്ടെന്ന് ജെസി പലതവണ പൊലീസിൽ പരാതി നൽകിയിരുന്നു. സാമിന്റെ കുടുംബവും സുഹൃത്തുക്കളും ജെസിയുടെ കുടുംബവും നൽകിയ പിന്തുണയിലാണ് മക്കളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവുകളും കഴിഞ്ഞു പോന്നിരുന്നത്.
സ്വന്തം വീട്ടിൽ നിന്ന് ലഭിച്ച പണം കൊണ്ടാണ് ജെസി കാണക്കാരിയിൽ 20 സെന്റ് സ്ഥലവും വീടും 2005ൽ വാങ്ങുന്നത്. ഈ വീട് പുതുക്കിപ്പണിയാൻ പിന്നീട് ഒരു കോടിയിലേറെ രൂപ ചെലവായി. തനിക്ക് ജോലി ഉള്ളതിനാൽ വായ്പ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സാം ഈ സ്ഥലം സ്വന്തം പേരിൽ റജിസ്ട്രേഷൻ നടത്തി.
















