നേപ്പാളിൽ നടന്ന ജെൻ സി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പ്രക്ഷോഭത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
വലിയ തരത്തിലുള്ള ജെൻസി പ്രതിഷേധങ്ങൾ നേപ്പാളിൽ കണ്ട സാഹചര്യത്തിലാണ് ദില്ലിയിലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ജെൻസി പ്രതിഷേധങ്ങളെ കരുതിയിരിക്കണമെന്നാണ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ പ്രധാന നിർദ്ദേശം.
രാജ്യതലസ്ഥാനമായ ദില്ലി നിരവധി വിദ്യാർത്ഥി പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലമാണ്. അതിനാൽ, നേപ്പാളിലേതുപോലുള്ള പ്രതിഷേധങ്ങൾ ദില്ലിയിലും ഉണ്ടാകാനുള്ള സാധ്യതകൾ പോലീസ് മുന്നിൽ കാണുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ ആണ്. പ്രത്യേകിച്ച്, സാമൂഹ്യ മാധ്യമങ്ങൾ എല്ലാം തന്നെ കർശനമായി നിരീക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ കൂടിയാണ് ഇത്തരത്തിൽ വലിയ തരത്തിലുള്ള പോസ്റ്റുകളും പിന്നീട് വലിയ പ്രതിഷേധങ്ങളും ഉണ്ടാകാനുള്ള സാധ്യതകളുള്ളത്.
പ്രതിഷേധങ്ങൾ ഉണ്ടായാൽ അവയെ ഫലപ്രദമായി നേരിടാനുള്ള മാർഗങ്ങൾ അടക്കം സ്വീകരിക്കണം. ഇന്റലിജന്‍സ് ബ്രാഞ്ച്, ഓപ്പറേഷന്‍സ് യൂണിറ്റ്, ആംഡ് പൊലീസ് എന്നിവരുടെ മേധാവികളെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത്തരമൊരു പ്രതിഷേധമുണ്ടായാല്‍ അതിനെ നേരിടാനുള്ള പദ്ധതി തയാറാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ജനക്കൂട്ട സമരങ്ങളെ നേരിടാന്‍ ഡല്‍ഹി പൊലീസിന്റെ കൈയിലുള്ള മാരകമല്ലാത്ത ആയുധങ്ങള്‍ – ബാരിക്കേഡുകള്‍, ലാത്തികള്‍, കണ്ണീര്‍ വാതക ഗ്രനേഡുകള്‍ അടക്കമുള്ള ഉപകരണങ്ങളുടെ കണക്കെടുപ്പ് നടക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
content highlight: Gen Z
















