സിനിമയ്ക്ക് പോകുമ്പോൾ എല്ലാവരും ആദ്യം തിരയുന്ന ലഘുഭക്ഷണമാണ് പോപ്‌കോൺ. ഉപ്പ്, മധുരം, ചീസ്, ചോക്കലേറ്റ് എന്നിങ്ങനെ വിവിധ ഫ്‌ളേവറുകളിൽ ലഭ്യമായ പോപ്‌കോൺ പലരുടെയും ഇഷ്ട വിഭവമാണ്. എന്നാൽ, പെട്ടെന്ന് തയ്യാറാക്കുന്ന ഈ ‘ഇൻസ്റ്റന്റ് സ്നാക്ക്’ ശരിക്കും നമ്മുടെ ആരോഗ്യത്തിന് ഉത്തമമാണോ എന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. ഈ വിഷയത്തിൽ ആരോഗ്യ വിദഗ്ധർ നൽകുന്ന ചില പ്രധാനപ്പെട്ട കാഴ്ചപ്പാടുകൾ ഇതാ..
പോപ്‌കോണിൻ്റെ ഗുണങ്ങൾ?
പോപ്‌കോൺ ആരോഗ്യത്തിന് ഗുണകരമാകണമെങ്കിൽ അത് എണ്ണയിൽ പൊരിച്ചെടുക്കാതെ, എയർ ഫ്രൈ ചെയ്‌തെടുക്കണം. എണ്ണയും മറ്റ് അഡിറ്റീവുകളും ചേർക്കാതെ തയ്യാറാക്കുന്ന പ്ലെയിൻ പോപ്‌കോണാണ് ഏറ്റവും മികച്ചത്.
പോപ്‌കോൺ ധാന്യവർഗ്ഗത്തിൽ ഉൾപ്പെടുന്നതിനാൽ നാരുകളുടെയും ധാരാളം ആൻ്റി ഓക്‌സിഡൻ്റുകളുടെയും ഉറവിടമാണ്.
നാരുകൾ അടങ്ങിയതിനാൽ ഇത് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ ഉപകരിക്കുകയും ചെയ്യും. പോപ്‌കോണിലെ ഉയർന്ന നാരുകൾ ദഹന പ്രക്രിയ സുഗമമാക്കാൻ സഹായിക്കും. ഏകദേശം ഒരു കപ്പിൽ 30–40 കിലോ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
അതുകൊണ്ട് തന്നെ, വിശപ്പ് മാറ്റാനും, ശരീരത്തിന് പോഷക ഗുണങ്ങൾ നൽകാനും പ്ലെയിൻ പോപ്‌കോണിന് കഴിയും. പോപ്‌കോണിൽ അടങ്ങിയിട്ടുള്ള നാരുകളും ആൻ്റി ഓക്‌സിഡൻ്റുകളും രക്തസമ്മർദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായും അവർ അഭിപ്രായപ്പെടുന്നു.
ഗുണങ്ങൾ നഷ്ടപ്പെടുന്നതെങ്ങനെ?
പോപ്‌കോൺ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണെങ്കിലും, അതിൽ ബട്ടർ, ഉപ്പ്, പഞ്ചസാര തുടങ്ങിയ അധിക ചേരുവകൾ ചേർക്കുമ്പോൾ അതിൻ്റെ പോഷകഗുണങ്ങൾ മുഴുവനായും നഷ്ടപ്പെടും. അതിനാൽ, ആരോഗ്യകരമായ പോപ്‌കോൺ കഴിക്കാൻ ആഗ്രഹിക്കുന്നവർ എയർ-പോപ്പ് ചെയ്ത പ്ലെയിൻ പോപ്‌കോൺ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
















