അപ്‌ഡേറ്റുകളുടെ കാര്യത്തിൽ എന്നും മുന്നിലുള്ള വാട്‌സ്ആപ്പ് ഇപ്പോൾ ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ഒരു സുപ്രധാന മാറ്റത്തിന് ഒരുങ്ങുകയാണ്. 2009-ൽ ആരംഭിച്ച് ഇന്നുവരെ ഫോൺ നമ്പർ അടിസ്ഥാനമാക്കി മാത്രം പ്രവർത്തിച്ചിരുന്ന രീതിക്കാണ് ഇനി മാറ്റം വരാൻ പോകുന്നത്. വാട്‌സ്ആപ്പ് അക്കൗണ്ട് രജിസ്‌ട്രേഷൻ നടത്താൻ കഴിയുന്നതും കോൺടാക്ടുകൾ തിരയുന്നതുമെല്ലാം ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്.
എതിരാളികളായ ആപ്പുകൾ യൂസർനെയിമുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാലങ്ങളായി തന്നെയുണ്ട്. എന്നാൽ ഇതുവരെ ഈ പരീക്ഷണത്തിന് വാട്‌സ്ആപ്പ് തയ്യാറായിരുന്നില്ല. ആ പതിവ് രീതിയാണ് ഇപ്പോൾ മാറാൻ പോകുന്നത്
ഇന്‍സ്റ്റയ്ക്കും എഫ്ബിക്കും സമാനമായി മെറ്റയുടെ ആപ്പായ വാട്‌സ്ആപ്പിലും ഇനി മുതൽ യൂസർനെയിമുകൾ ക്രിയേറ്റ് ചെയ്യാൻ കഴിയും. WABetaInfoയിൽ വന്ന വിവരങ്ങൾ പ്രകാരം, യൂസർനെയിമിൽ കുറഞ്ഞത് ഒരു അക്ഷരമെങ്കിലും വേണം.
ലോവർകേസ് അക്ഷരങ്ങൾ, നമ്പറുകൾ, അണ്ടർസ്‌കോറുകൾ എന്നിവ യൂസർനെയിമില്‍ ഉള്‍പ്പെടുത്താം. ഒഫീഷ്യൽ വെബ്‌സൈറ്റുകൾ, വെബ്‌ലിങ്കുകൾ എന്നിവയും യൂസർനെയിമുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാൻ www എന്ന രീതിയില്‍ ആരംഭിക്കുന്ന രജിസ്റ്റർ നെയിമുകൾ ബ്ലോക്ക് ചെയ്യപ്പെടും. നമ്പറുകളും സിമ്പലുകളും മാത്രമുള്ള യൂസർനെയിമുകളും അംഗീകരിക്കില്ല.
അതേസമയം ആൾമാറാട്ടം പോലുള്ള പ്രശ്‌നങ്ങൾ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി മറ്റൊരു നടപടി കൂടി വാട്‌സ്ആപ്പ് ആവിഷ്‌കരിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇതൊരു റിസർവേഷൻ സിസ്റ്റമാണ്. ആപ്പ് സെറ്റിങ്‌സിൽ ഒരു പുതിയ ഓപ്ഷൻ യൂസേഴ്‌സിന് നൽകാനാണ് വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നത്.
ഇതിലൂടെ പുത്തൻ അപ്പ്‌ഡേറ്റ് വരുന്നതിന് മുമ്പ് നമ്മുടെ യൂസർനെയിം അഡ്വാൻസായി ക്രീയേറ്റ് ചെയ്ത് വയ്ക്കാം. സുരക്ഷാ പ്രാധാന്യം മുൻനിർത്തിയാണ് ഈ തീരുമാനം വരുന്നത്. ഈ അപ്പ്ഡേഷന്‍ എപ്പോള്‍ പുറത്തിറക്കുമെന്ന കാര്യം മെറ്റ വ്യക്തമാക്കിയിട്ടില്ല.
















