തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോടികൾ ചെലവഴിച്ചതിന്റെ തെളിവുകൾ പുറത്തുവന്നു. ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾ താമസിച്ചത് കുമരകത്തെ ആഡംബര റിസോർട്ടുകളിലാണെന്നും മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോർഡ് ചെലവഴിച്ചതായും പുറത്തുവന്ന തെളിവുകളിലൂടെ വ്യക്തമാക്കുന്നു.
സ്പോൺസർമാർ ആണ് സംഗമത്തിന് പണം നൽകിയതെന്ന വാദം ഇതോടെ പൊളിയുകയാണ്. ആഗോള അയ്യപ്പ സംഗമത്തിന് പണം അനുവദിച്ചത് ദേവസ്വം ഫണ്ടിൽ നിന്നാണെന്നുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ദേവസ്വം ബോർഡ് അംഗം എ. അജികുമാർ ഈ തുക ‘റിലീജിയസ് കൺവെൻഷൻ ആൻഡ് ഡിസ്കോഴ്സ്’ എന്ന ഹെഡിൽ നിന്നാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഗമം നടക്കുന്നതിന് അഞ്ച് ദിവസം മുൻപാണ് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ദേവസ്വം കമ്മീഷണർ ഇറക്കിയത്. ഇതിന് പിന്നാലെ സെപ്റ്റംബർ 17-ന്, പ്രതിനിധികൾക്ക് താമസസൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകളും പുറത്തിറങ്ങി.
പമ്പയിലാണ് അയ്യപ്പ സംഗമം നടന്നതെങ്കിലും, അതിൽ പങ്കെടുത്ത പ്രതിനിധികളെ താമസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്തത് കുമരകത്തെ ഹോട്ടലുകളും റിസോർട്ടുകളുമാണ്. താമസസൗകര്യത്തിനായി ലക്ഷങ്ങളാണ് അഡ്വാൻസ് തുകയായി ദേവസ്വം ഫണ്ടിൽ നിന്ന് നൽകിയത്. പമ്പയിൽ സംഗമം നടക്കുകയും കുമരകത്ത് വലിയ തുക ചെലവഴിച്ച് താമസം ഒരുക്കുകയും ചെയ്തതിൽ വലിയ ധൂർത്ത് നടന്നിട്ടുണ്ടെന്നാണ് ആരോപണം.പ്രധാനമായും നാല് റിസോർട്ടുകളിലാണ് താമസസൗകര്യം ഒരുക്കിയത്. കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിന് 8,31,600 രൂപയും താജ് കുമരകം റിസോർട്ടിന് 3,39,840 രൂപയും പാർക്ക് റിസോർട്ടിന് 80,000 രൂപയും കെടിഡിസി ഗേറ്റ്വേ റിസോർട്ടിന് 25,000 രൂപയും അഡ്വാൻസായി അനുവദിച്ചിരുന്നു. ഈ തുകകൾ അഡ്വാൻസ് മാത്രമാണ് എന്നും, ബാക്കിയുണ്ടെങ്കിൽ അത് അക്കൗണ്ടിൽ നിന്ന് പേ ചെയ്യുമെന്നും ഉത്തരവിൽ ദേവസ്വം കമ്മിഷണർ വ്യക്തമാക്കിയിരുന്നു. അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഈ സൗകര്യങ്ങൾ നൽകിയിട്ടില്ലെങ്കിലും, ഒരു വിഭാഗം വിഐപി പ്രതിനിധികൾ ഉണ്ടായിരുന്നു എന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിൽ യാതൊരു വേർതിരിവുമില്ലെന്നും വിഐപികൾ ഇല്ലെന്നും സർക്കാരും ദേവസ്വം ബോർഡും പറഞ്ഞിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തുവരുന്നത്. 4500 ഓളം പ്രതിനിധികൾ പങ്കെടുത്തു എന്ന് ദേവസ്വം ബോർഡ് അവകാശപ്പെടുമ്പോൾ, കുമരകത്തെ നക്ഷത്ര ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിച്ച വിഐപി പ്രതിനിധികൾ ആരായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.
















