ബർമിങ്ഹാം: എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ റാം എയർ ടർബൈൻ (റാറ്റ്) പറക്കലിനിടെ പുറത്തേക്കു വന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. അമൃത്സറിൽ നിന്നും ബർമിങ്ങാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ117 വിമാനത്തിന്റെ റാറ്റ് ആണ് ലാൻഡിങ്ങിനു മുൻപ് 400 അടി ഉയരത്തിൽ വച്ച് പുറത്തേക്ക് വന്നത്.
ബിർമിങ്ഹാമിൽ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ നിലയിലാണെന്നും എയർ ഇന്ത്യ അറിയിച്ചു. ഫാൻ പോലുള്ള ചെറിയ സംവിധാനമാണ് റാം എയർ ടർബൈൻ (റാറ്റ്). എല്ലാ വൈദ്യുതി സ്രോതസുകളും പ്രവർത്തനരഹിതമാകുകയും എൻജിന്‍റെ പ്രവർത്തനം നിലക്കുകയും ചെയ്യുമ്പോഴാണ് വിമാനത്തിന്റെ അടിയിൽനിന്ന് റാറ്റ് തനിയെ പുറത്തു വരുന്നത്. കാറ്റിൽ കറങ്ങി റാറ്റ് പ്രവർത്തിക്കുമ്പോൾ അടിയന്തര ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കപ്പെടും.
അത്യാവശ്യ കാര്യങ്ങള്‍ക്കുള്ള വൈദ്യുതി മാത്രമേ റാറ്റിന് നൽകാനാകൂ. പൈലറ്റുമാർക്ക് റാറ്റ് സംവിധാനം ഓണാക്കാനാകില്ല. സാങ്കേതിക തകരാറുണ്ടാകുമ്പോൾ തനിയെ ഓണാകുകയാണ് ചെയ്യുക. അഹ്മദാബാദിൽ അപകടത്തിൽപെട്ട ബോയിങ് ഡ്രീംലൈനർ വിമാനവും ഇതേ മോഡലാണ്. അഹ്മദാബാദിൽ വിമാനം അപകടത്തിൽപെടുമ്പോഴും റാറ്റ് പുറത്തേക്ക് വന്നിരുന്നു. സുരക്ഷിതമായി നിലത്തിറങ്ങിയ ഡ്രീംലൈനർ വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി ബിർമിങ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എഐ114 വിമാനം റദ്ദാക്കി. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും സുരക്ഷക്കാണ് മുൻഗണനയെന്നും എയർ ഇന്ത്യ പത്രക്കുറിപ്പിൽ അറിയിച്ചു.
















