തിരുവനന്തപുരം: കാസര്‍കോട് കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കലോത്സവത്തിനിടെ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. മൈം ഷോ തടഞ്ഞ അധ്യാപകരെ മാറ്റി നിർത്തും. നാളെ ഉച്ചക്ക് 12 മണിക്കാണ് മൈം അവതരിപ്പിക്കുക.
അധ്യാപകൻ കർട്ടൻ ഇട്ടതിനെ തുടർന്ന് മുടങ്ങിയ മൈം നാളെ വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്തിയായിരിക്കും അവതരണം. അതേസമയം, നിർത്തിവച്ച കലോത്സവം രാവിലെ മുതൽ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞിരുന്നു.
അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടി ഉണ്ടാകും. പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഏതെങ്കിലും ഒരു കലാരൂപം അവതരിപ്പിച്ചാൽ അത് തടയുന്നതും അതിന്‍റെ പേരിൽ യുവജനോത്സവം നിർത്തിവയ്ക്കുന്നതും മര്യാദകേടാണ്. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈമിംഗ് ഷോ അവതരിപ്പിച്ചതിന്‍റെ പേരിൽ ഇന്നലെയാണ് കാസർകോട് കുമ്പള ഗവ: ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം നിർത്തിവെച്ചത്. വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈമിംഗ് മുഴുപ്പിക്കുന്നതിന്റെ മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തുകയായിരുന്നു.
ഇന്ന് തുടരേണ്ട കലോത്സവം മാറ്റി വെച്ചതായും അറിയിക്കുകയായിരുന്നു.സംഭവത്തിൽ കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എഎസ്എഫും എസ് എഫ് ഐയും സ്കൂളിലേക്ക് മാർച്ച് നടത്തി. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക പി ടി എ യോഗത്തിനിടെയായിരുന്നു മാർച്ച്. യോഗത്തിൽ പങ്കെടുത്തവരെ പ്രതിഷേധക്കാർ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഇതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.അധ്യാപകർക്ക് വീഴ്ച സംഭവിച്ചതായി പി ടി എ പ്രസിഡന്‍റ് എകെ ആരിഫ് പറഞ്ഞു. രണ്ട് അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തയില്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സ്കൂൾ പ്രിൻസിപ്പൽ സിന്ധു വ്യക്തമാക്കി. തിങ്കളാഴ്ച്ച കലോത്സവം വീണ്ടും നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
















