മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് തലച്ചോറ്. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമമവും ഉറപ്പാക്കാൻ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് ഡിമെൻഷ്യ, വൈജ്ഞാനിക തകർച്ച തുടങ്ങിയ അവസ്ഥകൾ വർധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ജീവിതശൈലിയും ജനിതക ഘടകങ്ങളുമാണ് ഇതിന്‍റെ പ്രധാന കരണമെങ്കിലും അനാരോഗ്യകരമായ ഭക്ഷണക്രമവും പോക്ഷങ്ങളുടെ അഭാവവും അപകട സാധ്യത വർധിപ്പിക്കും. ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കും. എന്നാൽ ഇവയുടെ അഭാവം തലച്ചോറിന്‍റെ വാർധക്യം വേഗത്തിലാക്കാൻ ഇടയാക്കും. അത്തരത്തിൽ ഏതൊക്കെ പോഷകങ്ങളുടെ കുറവാണ് തലച്ചോറിന്‍റെ വാർധക്യ പ്രക്രിയ ത്വരിതപ്പെടുത്താൻ കാരണമാകുന്നതെന്ന് നോക്കാം.
വിറ്റാമിൻ ബി 12
വിറ്റാമിൻ ബി12 ന്‍റെ കുറവ് അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, വൈജ്ഞാനിക തകർച്ച തുടങ്ങിയവയുമായി ബദ്ധപ്പെട്ടിരിക്കുന്നു. ഓർമശക്തി നിലനിർത്താനും ഡിഎൻഎ സിന്തസിസിനും ഹോമോസിസ്റ്റീൻ അളവ് കുറയ്ക്കാനുമൊക്കെ നിർണായക പങ്ക് വഹിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി 12. തലച്ചോറിന്‍റെ ആരോഗ്യത്തിന് വിറ്റാമിൻ ബി 12 ന്‍റെ അളവ് ശരിയായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനാൽ വിറ്റാമിൻ ബി 12 ന്‍റെ മികച്ച ഉറവിടങ്ങളായ മുട്ട, മത്സ്യം തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുക. സസ്യാഹാരികൾ സപ്ലിമെന്‍റുകളോ പാലുത്പന്നങ്ങളോ തെരെഞ്ഞെടുക്കാവുന്നതാണ്.
ഒമേഗ-3 ഫാറ്റി ആസിഡ്
ഓർമശക്തി മെച്ചപ്പെടുത്താനും വൈജ്ഞാനിക പ്രവർത്തനത്തിനും അത്യന്താപേക്ഷിതമായ പോഷകമാണ് ഒമേഗ-3. ശരീരത്തിൽ ഇതിന്‍റെ അഭാവമുണ്ടാകുന്നത് ഓർമശക്തി കുറയാനും തലച്ചോറിന്‍റെ വാർധക്യത്തെ വേഗത്തിലാക്കുകയും ചെയ്യും. കൂടാതെ വിഷാദം, ബൈപോളാർ ഡിസോർഡർ, ഡിമെൻഷ്യ എന്നിവയുൾപ്പെടെ വിവിധ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത വർധിപ്പിക്കാനും കാരണമാകും. അതിനാൽ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്താൻ ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. കൊഴുപ്പുള്ള മത്സ്യങ്ങൾ, വാൾനട്‌സ്, ഫ്ലാക്‌സ് സീഡ്‌സ്, ചിയ വിത്തുകൾ തുടങ്ങീ ഉയർന്ന അളവിൽ ഒമേഗ-3 അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.
മഗ്നീഷ്യം
ഓർമശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് മഗ്നീഷ്യം. നാഡി സിഗ്നലുകളെയും ന്യൂറോബയോളജിക്കൽ പ്രവർത്തനത്തെയും നിയന്ത്രിക്കുന്നതിൽ നിർണായക പങ്കാണ് ഇത് വഹിക്കുന്നത്. മഗ്നീഷ്യത്തിന്‍റെ അഭാവം വീക്കം വർധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദത്തിലേക്ക് നയിക്കുകയും ചെയ്യും. ഇത് തലച്ചോറിന്‍റെ പ്രവത്തനത്തെ ബാധിക്കുകയും ഡിമെൻഷ്യ, വൈജ്ഞാനിക തകർച്ച എന്നിവയുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ മഗ്നീഷ്യത്തിന്‍റെ മികച്ച സ്രോതസുകളായ ഇലക്കറികൾ, വിത്തുകൾ, ധാന്യങ്ങൾ, നട്‌സ്, ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ഡി
ന്യുറോണുകളെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്ന പോഷകമാണ് വിറ്റാമിൻ ഡി. ഇതിന്‍റെ കുറവ് അമിലോയിഡ്-ബീറ്റ എന്ന പ്രോട്ടീനിന്‍റെ അളവ് കൂട്ടുകയും ഡിമെൻഷ്യയിലേക്ക് നയിക്കുകയും ചെയ്യും. ശരീരത്തിൽ വിറ്റാമിൻ ഡി അളവ് സ്ഥിരപ്പെടുത്തുന്നതിനായി ദിവസേന സൂര്യപ്രകാശം ഏൽക്കുകയോ കൂൺ, കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ, മുട്ട, പാൽ എന്നീ ഭക്ഷണങ്ങൾ പതിവായി കഴിക്കുകയോ ചെയ്യുക.
വിറ്റാമിൻ ഇ
തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ശക്തമായ ആന്‍റി ഓക്‌സിഡന്‍റാണ് വിറ്റാമിൻ ഇ. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്ന് ന്യുറോണുകളെ സംരക്ഷിക്കുകയും വൈജ്ഞാനിക തകർച്ച കുറക്കുകയും ചെയ്യും. വിറ്റാമിൻ ഇ യുടെ കുറവ് തലച്ചോറിന്‍റെ വാർധക്യം ത്വരിതപ്പെടുത്തുകയും അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ വിറ്റാമിൻ ഇ യുടെ അഭാവം നികത്തുന്നതിനായി ചീര, അവോക്കാഡോ, സൂര്യകാന്തി വിത്തുകൾ, ഹസൽനട്ട്, ബദാം തുടങ്ങിയവ ഡയറ്റിൽ പതിവാക്കാം.
















