മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയിൽ പരിഹാരമാകും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് നാളെ പണം നൽകും.
ഡിഎംഇയുമായി കഴിഞ്ഞ ദിവസം വിതരണക്കാർ ചർച്ച നടത്തിയിരുന്നു . തിരുവനന്തപുരം മെഡിക്കൽ കോളജിന് 11 കോടിയും കോഴിക്കോട് മെഡിക്കൽ കോളജിന് എട്ടുകോടി രൂപയുമാണ് വിതരണക്കാർക്ക് നൽകുക. ഇത് സംബന്ധിച്ച നിർദ്ദേശം മെഡിക്കൽ കോളജ് സൂപ്രണ്ടുമാർക്ക് ഡിഎംഇയ്ക്ക് നൽകി.157 കോടി രൂപയാണ് വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി ഹൃദയശസ്ത്രക്രിയ വിതരണക്കാർക്ക് കുടിശ്ശിക ഇനത്തിൽ നൽകാനുള്ളത്. പണം കുറച്ചെങ്കിലും നൽകിയില്ലെങ്കിൽ ഉപകരണം തിരിച്ചെടുക്കുമെന്ന് വിതരണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, നിലവിലുള്ള സ്റ്റോക്കുകള്‍ വച്ചാണ് ഇപ്പോള്‍ ആശുപത്രികള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഈ സ്റ്റോക്ക്കൂടി തിരിച്ചെടുക്കുമെന്ന മുന്നറിപ്പ് ഉപകരണവിതരണക്കാര്‍ നൽകിയിരുന്നു. മറ്റ് ഉപകരണവിതരണക്കാരില്‍ നിന്നും സാധനങ്ങള്‍ എത്തിച്ചാണ് ഇപ്പോള്‍ താല്‍ക്കാലിക പരിഹാരം കണ്ടിരുന്നത്.
STORY HIGHLIGHT: Surgical equipment crisis in medical colleges; Suppliers will be paid tomorrow
















