തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവറുടെ ഗുണ്ടാ വിളയാട്ടം. ഇന്നലെ വൈകുന്നേരം നാലോടെ മള്‍ട്ടി സ്‌പെഷ്യാലിറ്റി കെട്ടിടത്തിന് സമീപമായിരുന്നു സംഭവം.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മാതാവിന് മരുന്നു വാങ്ങാന്‍ പോകുകയായിരുന്ന യുവാവിന് നേരെയായിരുന്നു ഓട്ടോ ഡ്രൈവറുടെ കൊലവിളി. സ്ഥലത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക്ക് വാര്‍ഡനു നേരെയും കൊലവിളിയുമായി പാഞ്ഞടുത്ത ഇയാള്‍ കേട്ടലറയ്ക്കുന്ന അസഭ്യവര്‍ഷവും നടത്തി.
ആംബുലന്‍സുള്‍പ്പടെ നിരവധി വാഹനങ്ങള്‍ വരുന്ന വഴിയ്ക്കു കുറുകെ വാഹനം പാര്‍ക്ക് ചെയ്ത് ഐസ്‌ക്രീം തിന്നുകയായിരുന്നു ഇയാള്‍. ഇയാളുടെ ഒപ്പം ചേര്‍ന്ന മറ്റൊരു ഓട്ടോ തൊഴിലാളി താനാണ് ഇവിടുത്തെ നേതാവെന്നും അവകാശപ്പെടുന്നുണ്ട്. യുവാവ് പോലീസില്‍ പരാതി നല്‍കി.
നിനക്കിട്ടുള്ള പണി തരാമെന്നും നോക്കിവെച്ചിട്ടുണ്ടെന്നും കൂടിതല്‍ കളിച്ചാല്‍ മര്യാദയ്ക്ക് ഇവിടുന്ന് പോകില്ലെന്നും വീഡിയോയിലുണ്ട്. നാളുകളായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം ഓട്ടോക്കാരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. അതിനിടയിലാണ് പുതിയ സംഭവം.
















