ദക്ഷിണേന്ത്യന്‍ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒരു വിഭവമാണ് തൈര് സാദം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഈ ഒരു ഐറ്റം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകൾ
പച്ചരി – 1/2 കപ്പ്
തിളപ്പിച്ച പാല്‍ – 1/4 1/2 കപ്പ്
പുളിയില്ലാത്ത കട്ട തൈര് – 1 കപ്പ്
ഇഞ്ചി അരിഞ്ഞത് – 1/2 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1 എണ്ണം
കടുക് – 1/2 ടീസ്പൂണ്‍
ഉഴുന്ന് – 1/2 ടേബിള്‍സ്പൂണ്‍
കടലപ്പരിപ്പ് – 1 ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
കശുവണ്ടി – 5 എണ്ണം
കായപ്പൊടി – ഒരു നുള്ള്
കറിവേപ്പില – 2 തണ്ട്
മല്ലിയില അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
മാതള അല്ലി – 1 ടേബിള്‍സ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
അരി കഴുകിയ ശേഷം പ്രഷര്‍ കുക്കറില്‍ ഒരു കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം ചെറുചൂടുള്ള ചോറില്‍ തിളപ്പിച്ച പാല്‍ ചേര്‍ത്ത് നന്നായി ഉടച്ചെടുക്കുക. അതിലേക്ക് തൈര്, ആവശ്യമെങ്കില്‍ മാത്രം അല്‍പ്പം ഉപ്പ് കൂടെ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി നെയ്യ് ചൂടാക്കി അതിലേക്ക് കടുക് ചേര്‍ത്ത് പൊട്ടിച്ച ശേഷം അതിലേക്ക് ഉഴുന്ന്, കടലപ്പരിപ്പ്, കശുവണ്ടി എന്നിവ ചേര്‍ത്ത് വറുക്കുക. ശേഷം അതിലേക്ക് അരിഞ്ഞ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് വറ്റല്‍മുളക്, കറിവേപ്പില, എന്നിവ കൂടെ ചേര്‍ത്ത് മൂപ്പിക്കുക. ഇനി തീ അണച്ച ശേഷം കായപ്പൊടി കൂടെ ചേര്‍ത്ത് ചോറിലേക്ക് യോജിപ്പിക്കുക. ഇതിന് പുറമെ അരിഞ്ഞ മല്ലിയില, മാതള അല്ലികള്‍ എന്നിവ ചേർക്കാം.
STORY HIGHLIGHT : curd rice
















