വനിതാ ഏകദിന ലോകകപ്പിലെഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ടോസാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീമെടുത്ത നിലപാട് തന്നെയാണ് ഹസ്തദാന സമയത്ത് ഇന്ത്യൻ വനിതാ ടീമും പിന്തുടർന്നത്. എന്നാൽ ഇതിന് ഇടയിൽ നടന്ന മറ്റൊരു പിഴവാണ് സംഭവിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഇപ്പോൾ വിവാദമാവുന്നത്.
ഇന്ത്യക്കെതിരെ ടോസ് നേടിയത് പാകിസ്ഥാൻ ആണെന്നാണ് മാച്ച് റഫറി വിധിച്ചത്. പാക്കിസ്ഥാൻഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇവിടെ ഇന്ത്യയാണ് ടോസ് ജയിച്ചത് എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആണ് ടോസ് ഫ്ലിപ്പ് ചെയ്യുന്നത്. പാക്കിസ്ഥാൻ ക്യാപ്റ്റൻ ടെയിൽസ് എന്ന് വിളിക്കുന്നത് കേൾക്കാം എന്ന വാദമാണ് ആരാധകരിൽ നിന്ന് വരുന്നത്.
എന്നാൽ അവതാരകനായ മെല്‍ ജോണ്‍സണ്‍ മൈക്കിലൂടെ പറഞ്ഞത് പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ ഹെഡ്സ് ആണ് വിളിച്ചിരിക്കുന്നത് എന്നാണ്. ഹെഡ്സ് ആണ് വീണതെന്ന് മാച്ച് റഫറിയും പറഞ്ഞതോടെ ടോസ് ജയിച്ച ഫാത്തിമയെ സംസാരിക്കാനായി അവതാരകൻ വിളിച്ചു. സന ടെയിൽസ് വിളിക്കുന്നത് മാച്ച് റഫറി ഉറപ്പായും കേട്ടിട്ടുണ്ടാവാം എന്ന് ആരാധകർ പറയുന്നു.
ഈ സമയം താൻ ടെയിൽസ് ആണ് വിളിച്ചത് എന്ന് പറഞ്ഞ് മാച്ച് റഫറിയെ തിരുത്താൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ തയ്യാറായില്ല. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഈ പിഴവ് ശ്രദ്ധിച്ചതുമില്ല. ഒരു വനിതാ ലോകകപ്പിൽ ടോസിൽ ഇതുപോലെ ഒരു അബദ്ധം സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ആരാധകർ പറയുന്നത്.
വനിതാ ഏകദിന ലോകകപ്പിലെ പാക്കിസ്ഥാനെതിരായ മത്സരത്തിനായി ഇന്ത്യൻ ടീം കൊളംബോയിലേക്ക് പോകുന്നതിന് മുൻപ് തന്നെ പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകേണ്ടതില്ല എന്ന് ബിസിസിഐ ടീമിനെ അറിയിച്ചിരുന്നു. മത്സരത്തിന് ശേഷവും ഇന്ത്യൻ വനിതാ താരങ്ങൾ പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകില്ല.
















