പെണ്ണിന്റെ കണ്ണീര് കണ്ടാൽ അലിയാത്ത പുരുഷഹൃദയമില്ല. ഈ പരാമർശത്തിൽ അൽപ്പം സ്ത്രീവിരുദ്ധത തോന്നാമെങ്കിലും ശാസ്ത്രീയമായി ഇത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകർ. സ്ത്രീകളുടെ കണ്ണീരിന് പുരുഷന്മാരുടെ ദേഷ്യം കുറയ്ക്കാനുള്ള ശക്തിയുണ്ടത്രേ.
സ്ത്രീകൾ മനസിൽതട്ടി കരയുമ്പോൾ നിർമ്മിക്കപ്പെടുന്ന കണ്ണുനീരിലാണ് സംഗതി ഒളിഞ്ഞിരിക്കുന്നത്. അങ്ങനെ ചുമ്മാ കരഞ്ഞാലൊന്നും പുരുഷൻ മുട്ടുമടക്കാത്തിന്റെ കാരണവും ഇത് തന്നെയാണ്. ഹൃദയം പൊട്ടി കരയുമ്പോൾ പുരുഷ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാൻ ശക്തിയുള്ള ഒരു രാസവസ്തുവും കണ്ണീരിനൊപ്പം വരുന്നു. ഈ രാസവസ്തുവിന്റെ മണം ഒരു കീമോസിഗ്നലായാണ് പ്രവർത്തിക്കുന്നത്. അതോടെ ദേഷ്യം കുറയുകയും ചെയ്യുന്നു. ഏതാണ്ട് 43.7 % പുരുഷന്മാരുടെയും ദേഷ്യം ഇങ്ങനെ സ്ത്രീകളുടെ കണ്ണുനീർ കാരണം കുറയാറുണ്ട് എന്നാണ് പഠനം പറയുന്നത്.
ഒരു വീഡിയോ ഗെയ്മിൽ ഒരു കൂട്ടം പുരുഷന്മാരെ പങ്കെടുപ്പിച്ചാണ് കണ്ണുനീർ പരീക്ഷണം നടത്തിയത്. ക്യാഷ് പ്രൈസ് വാഗ്ദാനം ചെയ്ത ഒരു ഗെയിമിനായി പുരുഷന്മാർ എത്തി. ഈ പുരുഷന്മാരെല്ലാം യഥാർത്ഥത്തിൽ കമ്പ്യൂട്ടറുമായാണ് പോരാടുന്നതെങ്കിലും കൂട്ടത്തിൽ വന്ന ആരോ ആണ് എതിരാളിയെന്ന് ഇവരെ തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് ഗെയിമിനിടെ ഓരോ പുരുഷന്മാരെയും വളരെ മോശം രീതിയിൽ തോൽപ്പിക്കുകയും വിജയ റിവാർഡ് തട്ടിയെടുക്കുകയും ചെയ്ത് ഇവരെ ദേഷ്യം പിടിപ്പിച്ചു. ഇതിന് പകരം വീട്ടാനും പുരുഷന്മാർക്ക് അവസരം നൽകി. ഗെയിമിംഗ് ടേബിളിലെ പ്രതികാര ബട്ടൺ ഞെക്കിയാൽ എതിരാളിയെ വീഴ്ത്താം.
ഇനിയാണ് കഥയിലെ ട്വിസ്റ്റ്. ഗെയിം ആരംഭിക്കും മുൻപ് പുരുഷന്മാരുടെ മൂക്കിന് താഴെ യുവതികളുടെ കണ്ണുനീർ അല്ലെങ്കിൽ ഉപ്പുവെള്ളം ഒരു കോട്ടൺ പാഡിലാക്കി ഒട്ടിച്ചുവച്ചു. ദിവസങ്ങളോളം ഇത് മാറ്റിയും മറിച്ചും പരീക്ഷണം തുടർന്നു. ആർക്കും ഇതേ കുറിച്ച് ധാരണയില്ലാത്തതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
വെറും ഉപ്പ് വെള്ളം മണത്ത ദിവസത്തെ അപേക്ഷിച്ച് അവരുടെ പ്രതികാര നടപടികളിൽ 43.7% ന്റെ കുറവുണ്ടായി, ഉപ്പ് മണത്തവർ അവരുടെ ദേഷ്യം സാധാരണപോലെ പ്രകടിപ്പിച്ചപ്പോൾ കണ്ണുനീർ മണത്ത ടീം കുറച്ചുകൂടി പക്വതയോടെ പെരുമാറി.
ഇതിന്റെ കാരണം പകൽ പോലെ വ്യക്തമാണ്. നമ്മുടെയെല്ലാം മൂക്കിനുള്ളിൽ നൂറുകണക്കിന് ഘ്രാണഗ്രാഹികളുണ്ട്. അതിൽ നാലെണ്ണം (OR2J2, OR11H6, OR5A1, OR2AG2 എന്നീ കോഡ് നെയിമുകളിൽ അറിയപ്പെടുന്നു) ഈ കണ്ണുനീരിലെ രാസസിഗ്‌നലിനായി കാത്തിരിക്കുകയാണ്. സിഗ്‌നൽ കിട്ടിയാലുടൻ ഇതെല്ലാം അവയുടെ പണി ആരംഭിക്കും ആക്റ്റീവ് ആകും.
















