മനസ്സുതുറന്ന് സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുന്ന പങ്കാളിയെ കിട്ടുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്. എല്ലാവർക്കും സ്വപ്നം കണ്ടതുപോലെയുള്ള പങ്കാളിയായിരിക്കണം കിട്ടുന്നത് എന്നുമില്ല. നമ്മുടെ നാട്ടിൽ സാധാരണ മാട്രിമോണി വഴിയോ അല്ലെങ്കിൽ ബ്രോക്കേരന്മാർ വഴിയോ അതുമല്ലെങ്കിൽ സ്വയം തന്നെയോ ഒക്കെയാണ് പങ്കാളികളെ കണ്ടെത്തുന്നത്. എന്നാൽ വടക്കൻ നൈജീരിയയിലെ ഫുലാനി സമുദായത്തിൽപ്പെട്ട പുരുഷന്മാർക്ക് ഒരു പങ്കാളിയെ അത്ര പെട്ടെന്നൊന്നും കണ്ടെത്താൻ സാധിക്കില്ല. അതിന് നല്ല ചാട്ടവാറടി കൊള്ളേണ്ടി വരും. എന്നാൽ മാത്രമേ ഇവർക്ക് ഒരു വിവാഹജീവിതം സാധ്യമാകൂ.
അവരുടെ ഒരു ആചാരമാണ് ഈ ചാട്ടവാറടി. ഷാരോ ഉത്സവം എന്നാണ് ആചാരത്തിനു നൽകിയിരിക്കുന്ന പേര്. കൗമാരത്തിൽ നിന്നും യൗവ്വനത്തിലേക്ക് കടന്നു എന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് ഇവിടുത്തെ ആൺകുട്ടികൾ അതിവേദന സഹിക്കുന്നത്. സമൂഹത്തിനു മുന്നിൽ വച്ചാണ് ചാട്ടവാറടി ഏൽക്കേണ്ടിവരുന്നത്. അടിയുടെ വേദന സഹിക്കാനുള്ള ഇവരുടെ കഴിവ് ധൈര്യത്തിന്റെയും പ്രതിരോധശേഷിയുടെയുമൊക്കെ അടയാളമായി കണക്കാക്കപ്പെടുകയും ചെയ്യും.
വടക്കൻ നൈജീരിയയിലെ വേനൽക്കാലത്താണ് ഈ ആചാരം നടക്കുന്നത്. ചാട്ടവാറടി നടക്കുന്ന സ്ഥലത്തേക്ക് യുവാക്കളെ ആനയിക്കുന്നത് സുന്ദരികളായ പെൺകുട്ടികളാണ്. ആചാരത്തിന്റെ ഭാഗമാകുന്ന ആൺകുട്ടികൾ അർധനഗ്നരായി ആൾക്കൂട്ടത്തിനു നടുവിൽ നിൽക്കണം. പിന്നീട് ഒരാൾ ഇവർക്ക് ചുറ്റും നടന്ന് ചാട്ടവാറടി തുടങ്ങുകയായി. എന്നാൽ ഗുരുതരമായ പരുക്ക് ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെയല്ല അടിക്കുന്നത്. പരമാവധി വേദനിപ്പിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. എങ്കിലും ശരീരത്തിലാകെ മുറിപാടുകൾ ഉണ്ടാകും. എത്ര ശക്തിയായി അടിച്ചാലും അത് കൊള്ളുന്ന വ്യക്തി യാതൊരു ഭാവഭേദങ്ങളുമില്ലാതെ നിൽക്കണം എന്നതും നിർബന്ധമാണ്. കരച്ചിലോ നിലവിളിയോ ഒന്നുമില്ലാതെ വേദന സഹിച്ച് ഒരേ നിൽപ്പു തുടരണം.
വേദന സഹിക്കാനുള്ള കഴിവ് നൽകാൻ പ്രത്യേക പ്രാർഥനയോടെയാവും ഇവരുടെ നിൽപ്പ്. സമൂഹത്തിനു മുന്നിൽ നിലയും വിലയും ലഭിക്കാനും ഒരു ജീവിതം ആരംഭിക്കാനുമുള്ള അതിയായ ആഗ്രഹമാണ് ഇവരുടെ ശക്തി. വാദ്യഘോഷങ്ങളോടെ ചുറ്റുമുള്ളവർ യുവാക്കൾക്കു പ്രചോദനം നൽകും. തല്ലു കൊള്ളുന്നവരുടെ കുടുംബമാകട്ടെ മകന് ഈ പരീക്ഷണം കടന്നുകൂടാൻ സാധിക്കണേ എന്ന പ്രാർത്ഥനയോടെ കാത്തുനിൽക്കുകയാവും. ചാട്ടവാറടി പരീക്ഷണം കടന്നു കഴിഞ്ഞാൽ പിന്നെ ആ വ്യക്തി ഫുലാനി സമൂഹത്തിനു മുന്നിൽ പുരുഷനാണ്. കൂട്ടത്തിലെ ഇഷ്ടം തോന്നുന്ന ഏതൊരു പെൺകുട്ടിയെയും അയാൾക്കു വിവാഹം കഴിക്കാം.
ചാട്ടവാറടി ആരംഭിക്കുമ്പോൾ പങ്കെടുക്കുന്നവർ പാടുകയും നൃത്തം ചെയ്യുകയും വേണം. ചാട്ടവാറടി കൊള്ളുന്ന സമയത്ത് ഏതെങ്കിലും വ്യക്തിയുടെ പരിക്ക് ഗുരുതരമാണെങ്കിൽ ചാട്ടവാറടി നിർത്താൻ അദ്ദേഹത്തിന് അധികാരമുണ്ട്. ജീവിതത്തിൽ ഏതു പ്രതിസന്ധി വന്നാലും കുടുംബത്തെയും ഒപ്പമുള്ളവരെയും സംരക്ഷിക്കാനുള്ള മനക്കരുത്ത് ഇവർക്കുണ്ടെന്ന് പരീക്ഷണത്തിലൂടെ സമൂഹം ഉറപ്പിക്കുകയാണ് ഈ ആചാരത്തിലൂടെ ചെയ്യുന്നത്. നൈജീരിയൻ ഭരണകൂടം ഔദ്യോഗികമായി ആചാരത്തിന് വിലക്കേർപ്പെടുത്തുകയുണ്ടായി. എന്നിരുന്നാലും ഭരണകൂടത്തിന്റെ കണ്ണെത്തിപ്പെടാത്ത ഉൾഗ്രാമങ്ങളിൽ ഇപ്പോഴും ഷാരോ ആഘോഷം നടത്തുന്നുണ്ട്.
ചില സന്ദർഭങ്ങളിൽ, ഒരു സ്ത്രീയെ സ്വന്തമാക്കാൻ രണ്ട് ആൺകുട്ടികളോ മത്സരിക്കുമ്പോഴും ചാട്ടവാറടി നടത്താറുണ്ട്. ആർക്കാണ് കൂടുതൽ ചാട്ടവാറടി സഹിക്കാൻ കഴിയുക എന്ന് നോക്കും. കൂടുതൽ സമയം അടികൊള്ളാൻ കഴിവുള്ളയാളെ വിജയിയായി പ്രഖ്യാപിക്കും.
















