വിവാഹിതരായ ഓരോ സ്ത്രീകളും സ്വന്തം ജീവനെപ്പോലെ കൊണ്ട് നടക്കുന്നതാണ് അവരുടെ താലി. എല്ലാ മത വിഭാഗക്കാർക്കും അവരുടേതായ രീതിയിലുള്ള താലികളുണ്ട്. ആലിലയുടെ രൂപത്തിലുള്ള താലിയാണ് സാധാരണയായി അണിയുന്നത്.
ഹിന്ദു വിശ്വാസ പ്രകാരം ത്രിമൂർത്തി സങ്കല്പം നിറഞ്ഞ ഒന്നാണ് താലി. താലിയുടെ അഗ്രത്തിൽ ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും മൂലത്തിൽ മഹേശ്വരനും സ്ഥിതി ചെയ്യുന്നു എന്നാണ് വിശ്വാസം. പവിത്രമായ താലിയെ മംഗല്യവതികളായ സ്ത്രീകൾ ശരീരത്തിന്റെ ഭാഗമായി കരുതുന്നു. സാധാരണയായി താലിയും ചരടും ഭഗവൽ സന്നിധിയിൽ പൂജിച്ച ശേഷം മാത്രമേ വരൻ വധുവിനെ അണിയിക്കാറുളളൂ. താലികെട്ടുന്നയാൾ പരമാത്മാവും സ്വീകരിച്ചയാൾ ജീവാത്മാവുമാണ്. ജീവാത്മാവിനെയും പരമാത്മാവിനെയും പരസ്പരം താലിചരടിലൂടെ ബന്ധിക്കുന്നു എന്നാണ് സങ്കൽപ്പം.
മംഗളം നൽകുക എന്നർഥത്തിൽ താലിക്ക് മംഗല്യസൂത്രം എന്നും പേരുണ്ട്. നമ്മുടെ ശരീരത്തിലെ പ്രാണസ്ഥാനമാണ് കഴുത്ത്. അതിനെ വലയം ചെയ്തു കിടക്കുന്ന താലിയിൽ ദേവീ മഹാമായ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മംഗല്യ ഭാഗ്യത്തിനും ദീർഘ മംഗല്യത്തിനായും ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
















