കുടുംബത്തിന് വേണ്ടി രാപ്പകൽ ഓടി നടന്ന് ജോലി ചെയ്യുന്നവരാണ് സ്ത്രീകളിൽ ഭൂരിഭാഗവും. കുടുംബാംഗങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ അത്രയേറെ ശ്രദ്ധ ചെലുത്തുന്ന ഇവർ സ്വന്തം ആരോഗ്യം നോക്കാൻ പലപ്പോഴും മറക്കാറുണ്ട്. ഇത് സ്ത്രീകളുടെ മൊത്തത്തിലുള്ള ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. പ്രായം 30 കടക്കുമ്പോൾ സ്ത്രീകളുടെ ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഉപാപചയ പ്രവത്തനങ്ങൾ, ഊർജ്ജ നില, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെയെല്ലാം ഇത് ബാധിക്കുന്നു.
പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഊർജ്ജം നിലനിർത്താനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ സംവിധാനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഹൃദ്രോഗം, പ്രമേഹം, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. 30 കഴിഞ്ഞ സ്ത്രീകളുടെ ഡയറ്റിൽ ഉണ്ടായിരിക്കേണ്ട 5 പോഷകങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
കാത്സ്യം
എല്ലുകളെയും പല്ലുകളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് കാത്സ്യം. നാഡികളുടെ പ്രവർത്തനത്തെയും പേശികളുടെ സങ്കോചത്തെയും ഇത് പിന്തുണയ്ക്കും. ശരീരത്തിൽ കാത്സ്യത്തിന്‍റെ അളവ് കുറയുന്നത് ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കും. 19 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിദിനം 700 മില്ലിഗ്രാമും 50 കഴിഞ്ഞവർക്ക് 1200 മില്ലിഗ്രാമും കാത്സ്യം ആവശ്യമാണ്. അതിനാൽ പാൽ, ഇലക്കറികൾ, ടോഫു തുടങ്ങീ കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.
വിറ്റാമിൻ ഡി
അസ്ഥികളുടെ ആരോഗ്യം, പേശികളുടെ പ്രവർത്തനം എന്നിവയെ പിന്തുണയ്ക്കുന്ന ഒരു പോഷകമാണ് വിറ്റാമിൻ ഡി. കാത്സ്യം, ഫോസ്‌ഫറസ് എന്നിവ ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് വഴി രോഗങ്ങളെ ചെറുക്കാനും അണുബാധ തടയാനും ഇത് സഹായിക്കും. 30 കഴിഞ്ഞ സ്ത്രീകളുടെ ഡയറ്റിൽ പ്രധാനമായും ഉണ്ടായിരിക്കേണ്ട ഒരു പോഷകം കൂടിയാണിത്. സൂര്യപ്രകാശം ഏൽക്കുകയും സാൽമൺ, അയല എന്നീ കൊഴുപ്പുള്ള മത്സ്യങ്ങൾ, പാൽ, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നതിലൂടെ ശരീരത്തിൽ വിറ്റാമിൻ ഡി യുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും.
ഇരുമ്പ്
ഹീമോഗ്ലോബിൻ ഉത്പാദിപ്പിനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ഇരുമ്പ്. സ്ത്രീകളിൽ പൊതുവെ ഇരുമ്പിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിജൻ വിതരണം കുറയാനും ക്ഷീണം അനുഭവപ്പെടാനും ദുർബലമായ പ്രതിരോധ ശേഷിയ്ക്കും കാരണമാകും. ആർത്തവമുള്ള സ്ത്രീകൾക്ക് പ്രതിദിനം 14.8 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. ആർത്തവ വിരാമം കഴിഞ്ഞവർക്ക് 8.7 മില്ലിഗ്രാം ഇരുമ്പുമാണ് ആവശ്യം. ചുവന്ന മാംസം, ചിക്കൻ, പയർ, ബീൻസ്, ചീര, ഫോർട്ടിഫൈഡ് ധാന്യങ്ങൾ തുടങ്ങിയവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ഇരുമ്പിന്‍റെ അളവ് സ്ഥിരതയോടെ നിലനിർത്താൻ സഹായിക്കും.
മഗ്നീഷ്യം
പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന അവശ്യ ധാതുവാണ് മഗ്നീഷ്യം. അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. ശരീരത്തിൽ മഗ്നീഷ്യത്തിന്‍റെ അഭാവം ഉണ്ടാകുമ്പോൾ ക്ഷീണം, പേശിവലിവ്, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കരണമായേക്കും. അതിനാൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള ധാന്യങ്ങൾ, നട്‌സ്, വിത്തുകൾ, പയർവർഗങ്ങൾ, ഇലക്കറികൾ, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുക.
വിറ്റാമിൻ ബി 12
ശരീരത്തിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തിന് വിറ്റാമിൻ ബി 12 നിർണായകമാണ്. നാഡികളുടെ പ്രവർത്തനം, ചുവന്ന രക്താണുക്കളുടെ ഉത്പാദനം, ഡിഎൻഎ സിന്തസിസ് എന്നിവയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. പ്രായം കൂടുമ്പോൾ വിറ്റാമിൻ ബി 12 ന്‍റെ ആഗിരണം മന്ദഗതിയിലാകും. അതിനാൽ 30 കഴിഞ്ഞ സ്ത്രീകൾ വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയോ സപ്ലിമെന്‍റുകൾ എടുക്കയോ ചെയ്യുക. ക്ഷീണം, നാഡീ സംബന്ധമായ പ്രശ്‌നങ്ങൾ, വിളർച്ച എന്നിവ തടയാൻ ഇത് സഹായിക്കും.
















