ജിപിഎസ് സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തറിൽ സമുദ്ര ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. രാജ്യത്തെ എല്ലാ സമുദ്ര നാവിഗേഷൻ പ്രവർത്തനങ്ങളും നിർത്തിവെച്ചതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു.
ജിപിഎസ് തകരാർ നാവിഗേഷൻ ഉപകരണങ്ങളുടെ കൃത്യതയെ ബാധിക്കുകയും കപ്പൽ യാത്രയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്തതിനാലാണ് ഈ അടിയന്തര തീരുമാനമെന്ന് മന്ത്രാലയം വിശദീകരിച്ചു. പ്രശ്നം പൂർണ്ണമായും പരിഹരിക്കുന്നത് വരെ സമുദ്രഗതാഗതം തടസ്സപ്പെടും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കപ്പലുകൾ തുറമുഖങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത അധികൃതർ അറിയിച്ചു. എല്ലാ കപ്പലുടമകളും ഈ സർക്കുലർ കൃത്യമായി പാലിക്കണമെന്നും ഗതാഗത മന്ത്രാലയം നിർദേശിച്ചു.
















