തിരുവനന്തപുരം: വിവാദമായ ശബരിമല സ്വർണ്ണപ്പാളി വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.
നേരത്തെ ഈ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്നെങ്കിലും, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടി ചർച്ചയ്ക്ക് അനുമതി നൽകിയിരുന്നില്ല. സർവ്വകലാശാല നിയമഭേദഗതി ബിൽ, ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബിൽ എന്നിവയും ഇന്ന് സഭയുടെ പരിഗണനയ്ക്ക് വരും. ഡിജിറ്റൽ സർവ്വകലാശാല വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ നിന്ന് ചാൻസലറെ ഒഴിവാക്കി അഞ്ചംഗ കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ഒരു ഭേദഗതി. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയാണ് സർവ്വകലാശാല നിയമഭേദഗതി ബില്ലിലെ പ്രധാന മാറ്റം. നേരത്തെ രാഷ്ട്രപതി മടക്കിയ മലയാളം ഭാഷാ ബിൽ, ആവശ്യമായ മാറ്റങ്ങൾ വരുത്തി ഇന്ന് വീണ്ടും സഭയിൽ അവതരിപ്പിക്കും.
















