പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ മുൻ മേൽശാന്തി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദങ്ങൾ തള്ളി ദേവസ്വം വിജിലൻസിന്റെ നിർണായക കണ്ടെത്തൽ. 2019ൽ പോറ്റി അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത് സ്വർണപ്പാളി തന്നെയെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്വർണം രേഖകളിൽ ചെമ്പായത് എങ്ങനെയെന്ന് പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ ഹൈക്കോടതിയിൽ സമർപ്പിക്കും. വിഷയത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണത്തിനായി മറ്റൊരു ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്യും.
ദേവസ്വം വിജിലൻസിന്റേതാണ് നിർണായക കണ്ടെത്തൽ. രണ്ടു ദിവസങ്ങളിലായി 7 മണിക്കൂറാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വിജിലൻസ് ചോദ്യം ചെയ്തത്. ആരോപണങ്ങൾ നിഷേധിച്ചെങ്കിലും വിജിലൻസിന്റെ ചില ചോദ്യങ്ങൾക്ക് മുന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി കുടുങ്ങി. സ്വർണ്ണപ്പാളി എങ്ങനെ ദേവസ്വം രേഖകളിൽ ‘ചെമ്പുപാളി’ ആയി മാറി എന്നതിനെക്കുറിച്ച് വിശദമായ പരിശോധന നടത്തും.
















