തിരുവനന്തപുരം: മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാനുള്ള പരിശോധനയും സാമ്പിൾ ശേഖരണവും സംസ്ഥാനത്ത് ഇന്നും തുടരും. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 170 ബോട്ടിലുകൾ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. അനുവദനീയമായതിലും കൂടുതൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ കോൾഡ്‌റിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന കർശന നിർദ്ദേശം നൽകി ഡ്രഗ് കൺട്രോളർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും നിർദേശം. ഇക്കാര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനത്ത് കർശന നിരീക്ഷണം ഉറപ്പാക്കാനും തീരുമാനമുണ്ട്.
















