ച്യൂയിങ് ഗം വിഴുങ്ങിയാൽ മരണം ഉറപ്പാണ്, അല്ലെങ്കിൽ അത് വർഷങ്ങളോളം വയറ്റിൽ ഒട്ടിപ്പിടിച്ചിരിക്കുമെന്നും കേട്ട് പേടിച്ച ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കും ഉണ്ടാകും. എന്നാൽ, ഈ ‘കഥ’കൾക്ക് പിന്നിലെ സത്യാവസ്ഥ എന്താണ്? യഥാർത്ഥത്തിൽ ഒരു ച്യൂയിങ് ഗം വിഴുങ്ങിയാൽ നമ്മുടെ ശരീരത്തിൽ എന്താണ് സംഭവിക്കുക?
ച്യൂയിങ് ഗം വിഴുങ്ങിയാൽ മരണം ഉറപ്പാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ ശരിക്കും നിങ്ങൾ ഗം വിഴുങ്ങിയാല്‍ മാത്രം മരണം സംഭവിക്കണമെന്നില്ല. വിഴുങ്ങിയ ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങിയാല്‍ മാത്രമേ അപകട സാധ്യതകളെ പറ്റി ഭയക്കേണ്ടതുള്ളൂ അല്ലാത്ത പക്ഷം അവ സാധാരണ ഭക്ഷണപദാര്‍ത്ഥങ്ങളെ പോലെ ദഹന വ്യവസ്ഥകളിലൂടെ കടന്ന് പോയി ഒടുവിൽ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടും.
ഗുണങ്ങളൊന്നും തന്നെ ഇല്ലാത്തതിനാല്‍ ശരീരം ഇതില്‍ നിന്ന് യാതൊന്നും സ്വീകരിക്കില്ല. മറിച്ച് എത്രയും പെട്ടെന്ന് പുറന്തള്ളാന്‍ ശ്രമിക്കും. അതിനാല്‍ വയറ്റില്‍ ഒട്ടിപിടിച്ച് വര്‍ഷങ്ങളോളം ഇത് കിടക്കുമെന്ന വാദം ഇവിടെ പൊളിയുന്നു. അതേസമയം, ഒന്നില്‍ കൂടുതല്‍ ച്യൂയിങ് ഗമാണ് വിഴുങ്ങന്നതെങ്കില്‍ അപകട സാധ്യതകള്‍ വര്‍ധിച്ചേക്കാം.
ച്യൂയിങ് ഗം തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും കുടുങ്ങിയാല്‍ വലിയ അപകടത്തിലേക്ക് നയിക്കാം. അതിനാല്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒരു ജീവന്‍ രക്ഷാ വിദ്യയാണ് ഹൈംലിച് മാനുവര്‍. ഒരാളുടെ തൊണ്ടയില്‍ ഇത്തരത്തില്‍ ച്യൂയിങ് ഗം കടുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകുകയാണെങ്കില്‍, അവര്‍ക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിയുന്നില്ലെങ്കില്‍ മാത്രമേ ഈ രീതി ഉപയോഗിക്കാവൂ. ഭാഗികമായി മാത്രം ശ്വാസംമുട്ടല്‍ ഉള്ള ഒരാളോട് ചുമയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് നല്ലത്.
ഹൈംലിച് മാനുവര്‍ ചെയ്യേണ്ടത് എങ്ങനെയാണെന്ന് ചുരുക്കി പറയാം. വ്യക്തി അബോധാവസ്ഥയില്‍ ആണെങ്കിലും ചെയ്യരുത്. തൊണ്ടയില്‍ വസ്തു / ഭക്ഷണം കുടുങ്ങിയ ആളുടെ പുറകില്‍ പോയി നില്‍ക്കുക. രോഗിയുടെ ശരീരത്തിന് ചുറ്റും നിങ്ങളുടെ കൈകള്‍ കോര്‍ത്ത് പിടിക്കുക.കൈകളുടെ സ്ഥാനം – ഒരു കൈകൊണ്ട് ഒരു മുഷ്ടി ചുരുട്ടുക. ഈ മുഷ്ടി വയറിന്റെ മുകള്‍ഭാഗത്ത്, പൊക്കിളിന് മുകളിലും വാരിയെല്ലിന് താഴെയുമായി വെക്കുക. മറ്റേ കൈകൊണ്ട് ഈ മുഷ്ടി മുറുകെ പിടിക്കുക. മുഷ്ടി ഉപയോഗിച്ച് വയറിന് ഉള്ളിലേക്ക്, അകത്തേക്കും മുകളിലേക്കും ശക്തിയായി തള്ളുക.
ഒരു ‘ഖ’ ആകൃതിയില്‍ ഉള്ള തള്ളലാണ് വേണ്ടത്. ഈ തള്ളല്‍ 5 തവണ ആവര്‍ത്തിക്കുക. കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് വന്നാലോ, അല്ലെങ്കില്‍ ആ വ്യക്തിക്ക് സംസാരിക്കാനോ, ചുമക്കാനോ, ശ്വാസമെടുക്കാനോ കഴിഞ്ഞാലോ ഈ പ്രക്രിയ നിര്‍ത്താം. ഈ ശ്രമങ്ങള്‍ക്കൊന്നും ഫലം കണ്ടില്ലെങ്കില്‍, ഉടന്‍ തന്നെ വൈദ്യസഹായം തേടണം.
ഇനി അയാള്‍ അബോധാവസ്ഥയില്‍ ആണെങ്കില്‍ മിക്കവാറും ഹൃദയസ്തംഭനത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഉടന്‍ സിപിആര്‍ (നെഞ്ചമര്‍ത്തി, വായിലൂടെ ശ്വാസം നല്‍കുന്ന ജീവന്‍ രക്ഷാമാര്‍ഗം) തുടങ്ങണം. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുകയും വേണം. ഇത് ച്യൂയിങ് ഗം മാത്രമല്ല നിങ്ങളുടെ തൊണ്ടയിൽ എന്ത് കുടുങ്ങിയാലും ഉപയോഗിക്കാൻ കഴിയുന്ന ജീവൻ രക്ഷാ പ്രവർത്തനമാണ്.
















