എറണാകുളം: കസ്റ്റംസിന്റെ ഓപ്പറേഷന്‍ നംഖോറിനെതിരെ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നും കസ്റ്റംസ് നടപടി നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യം. ദുൽഖറിന്‍റെ മൂന്ന് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുന്നത്. അന്വേഷണ പുരോഗതി സംബന്ധിച്ച് കസ്റ്റംസ് പ്രിവന്‍റീവും ഇന്ന് മറുപടി നൽകും.
നേരത്തെ ദുൽഖറിൻ്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിൻ്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. വാഹനം പിടിച്ചെടുത്തതിനെതിരെ ദുൽഖർ ഹൈക്കോടതിയെ സമീപിക്കുകായായിരുന്നു. രേഖകൾ പരിശോധിക്കാതെയാണ് നടപടിയെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയിൽ കോടതി കസ്റ്റംസിനോട് വിവരങ്ങൾ തേടുകയും ചെയ്‌തിരുന്നു.
















