പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ നടപടി. ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ചികിത്സ സംബന്ധിച്ച പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂനിയർ റസിഡൻറ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ ബാബുവും പറഞ്ഞിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശം നൽകിയത്. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നൽകി. ധമനികളിൽ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്റ്റോ ഉണ്ടായിട്ടുണ്ടാവാം. വളരെ അപൂർവമായി സംഭവിക്കുന്ന കാര്യമാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 24നാണ് സംഭവം ഉണ്ടായത്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചിരുന്നു
















