ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ സ്വാദിൽ ഒരു മീൻ കറി തയ്യാറാക്കിയാലോ?വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു മീൻ കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മത്തി
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- ഇഞ്ചി
- വെളുത്തുള്ളി
- ചെറിയ ഉള്ളി
- തക്കാളി
- കുടംപുളി (വെള്ളത്തിൽ കുതിർത്ത് വച്ചത്)
- കറിവേപ്പില
- മഞ്ഞൾ പൊടി
- മുളക് പൊടി
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മത്തി നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കുക. ഇതിനു ശേഷം ഒരു പാത്രം അടുപ്പിലേക്ക് വച്ച് ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അൽപം ഉലുവയിട്ട് പൊട്ടിക്കുക. പിന്നാലെ കടുക് ചേർക്കുക. തുടർന്ന് ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചതച്ചത് ചേർത്ത് ഇളക്കുക. അല്പം നിറം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുളക് പൊടി, അൽപം കശ്‌മീരി മുളക് പൊടി എന്നിവ ചേർത്തിളക്കുക.
മസാല ചേർത്തതിന്റെ പച്ചമണം മാറുമ്പോൾ അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ച തക്കാളി ചേർക്കുക. തക്കാളി വെന്തു കഴിഞ്ഞാൽ ആദ്യം കുതിർത്ത് വച്ച കുടംപുളി ചേർക്കുക. തുടർന്ന് പാകത്തിന് ഉപ്പ ചേർത്ത് ഇളക്കുക. കുറച്ച് സമയം അടച്ച് വച്ച് വേവിക്കുക. അല്പം സമയം കഴിഞ്ഞ് ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ച മത്തി ചേർക്കുക. തുടർന്ന് വീണ്ടും അടച്ച് വച്ച് ചെറു തീയിൽ വേവിക്കുക. മത്തി വേവായി കഴിഞ്ഞാൽ അതിന് മുകളിൽ അൽപം ഉലുവ വറുത്ത് പൊടിച്ചതും മല്ലിയില അരിഞ്ഞതും ചേർത്ത് വാങ്ങി വയ്‌ക്കാം. സ്വാദ് അല്പം കൂടാൻ കറിയിലേക്ക് അൽപം വെളിച്ചെണ്ണ ചേർക്കാം. ഇതോടെ മീൻകറി റെഡി.
















