കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വര്‍ഷ കാലയളവിലെ സംഭവ വികാസങ്ങള്‍ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം ‘ദി കോമ്രേഡ്’ ന്റെ ടൈറ്റില്‍ പോസ്റ്റര്‍ കോഴിക്കോട് വച്ചു ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത തരത്തില്‍ വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ദി കോമ്രേഡില്‍ മലയാളത്തിലെ പ്രമുഖ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ദി കോമ്രേഡ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. നാളിതുവരെ മലയാളത്തില്‍ ഇറങ്ങിയ പൊളിറ്റിക്കല്‍ ചിത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തതയുള്ള ജോണറില്‍ ഒരുങ്ങുന്ന ചിത്രം ദി കോമ്രേഡ് കഴിഞ്ഞ എണ്‍പതു വര്‍ഷത്തെ കേരള രാഷ്ട്രീയത്തിന്റെ സംഭവ വികാസങ്ങള്‍ പശ്ചാത്തലമാക്കി പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന രീതിയിലാണ് ഒരുങ്ങുന്നതെന്നു സംവിധായകന്‍ തോമസ് കുട്ടി അഭിപ്രായപ്പെട്ടു.
കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ പത്തോളം മുഖ്യധാര അഭിനേതാക്കളും മറ്റു പ്രഗത്ഭരായ താരങ്ങളും അണിനിരക്കുന്ന പൊളിറ്റിക്കല്‍ ചിത്രമായിരിക്കും ദി കോമ്രേഡ് എന്ന് നിര്‍മ്മാതാവ് മുരളി കുന്നുംപുറത്ത് പറഞ്ഞു. ചിത്രത്തിന്റെ താരങ്ങളുടെയും മറ്റു സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ വരും നാളുകളില്‍ പ്രേക്ഷകരിലേക്കെത്തുമെന്നു വാട്ടര്‍മാന്‍ ഫിലിംസ് അറിയിച്ചു. പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
CONTENT HIGH LIGHTS;Minister Muhammad Riyaz released the title poster of ‘The Comrade’, which is set to chronicle political developments in Kerala.
















