എൻജിനീയറിങ്, കൺസൽറ്റൻസി സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് പുതിയ നിയമവുമായി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പുതിയ നിയമം പുറത്തിറക്കിയത്. കഴിവും അനുഭവ പരിചയവും അടിസ്ഥാനമാക്കി കൺസൽറ്റൻസി ഓഫിസുകളെ തരംതിരിക്കും. പുതിയ നിയമത്തിന്റെ പരിധിയിൽ ആർക്കിടെക്ചറൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്,മെക്കാനിക്കൽ, മൈനിങ്, പെട്രോളിയം, കെമിക്കൽ, കോസ്റ്റൽ, ജിയോളജിക്കൽ എൻജിനീയറിങ് എന്നീ മേഖലകളും ഉൾപ്പെടും.
രാജ്യാന്തര നിലവാരത്തിനും മികച്ച സമ്പ്രദായങ്ങൾക്കും അനുസൃതമായി എൻജിനീയറിങ്, കൺസൽറ്റൻസി സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും സാമ്പത്തിക, നഗര വളർച്ചയെ പിന്തുണയ്ക്കാനും ഈ പുതിയ നിയമം സഹായകരമായിരിക്കും. പുതിയ നിയമം പ്രാബല്യത്തിൽവന്ന് ഒരു വർഷത്തിനകം എൻജിനീയറിങ് കൺസൽറ്റൻസി ഓഫിസുകൾ റജിസ്റ്റർ ചെയ്യുകയും ജീവനക്കാരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുകയും വേണം.
ലൈസൻസിനു വിരുദ്ധമായി പ്രവർത്തിക്കാനോ റജിസ്റ്റർ ചെയ്യാത്ത എൻജിനീയർമാരെ നിയമിക്കാനോ ദുബായിൽ കൺസൽട്ടൻസി ജോലികൾ നടത്തുന്നതിന് ലൈസൻസില്ലാത്ത കമ്പനികളുമായി കരാർ ഒപ്പുവയ്ക്കാനോ അനുവാദമുണ്ടായിരിക്കില്ല. നിയമലംഘകർക്ക് ഒരു ലക്ഷം ദിർഹം പിഴ ചുമത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യും. പുതിയ നിയമം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 6 മാസത്തിനകം പ്രാബല്യത്തിൽ വരും.
STORY HIGHLIGHT: registration requirements for engineering consultancies
















