ന്യൂഡൽഹി: ഒഡീഷയിൽ ദുർഗാ പൂജ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ സംഘർഷം രൂക്ഷമായി തുടരുന്നു. നഗരത്തിലെ ദർഗ ബസാർ പ്രദേശത്ത് നടന്ന ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് സംഘർഷത്തിന് കാരണമായത്.
ഇത് പിന്നീട് ഇന്റർനെറ്റ് ഷട്ട്ഡൗൺ, ബന്ദ് ആഹ്വാനം, എന്നിവയിലേക്ക് നയിച്ചു. ദർഗ ബസാർ മേഖല ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഘോഷയാത്രയ്ക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിൽ ഡിസിപിക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ വിഎച്ച്പി റാലി നടത്തിയത് വീണ്ടും സംഘർഷത്തിനിടയാക്കി.
മേഖലയിൽ കടകൾ നശിപ്പിച്ചെന്നും തീയിട്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കും രംഗത്തെത്തി. ജനങ്ങൾ സംയമനം പാലിക്കാനും മന്ത്രിമാർ ആഹ്വാനം ചെയ്തു.
ജനക്കൂട്ടത്തെ പിരിച്ചുവിടാനും ക്രമസമാധാനം പുനഃസ്ഥാപിക്കാനും പോലീസ് നേരിയ ലാത്തി ചാർജ് നടത്തി. ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ അധികൃതർ സിസിടിവി, ഡ്രോൺ, മൊബൈൽ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചുവരികയാണ്.
















