സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ രാജ്യത്ത് ദിനംപ്രതി വർദ്ധിച്ചുവരികയാണ്. നമ്മുടെ രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരാണോ ?. ഇപ്പോഴിതാ ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ദ നാഷണൽ ആനുവൽ റിപ്പോർട്ട് ആൻഡ് ഇൻഡെക്സ് ഓൺ വിമൻ സേഫ്റ്റി അഥവാ NARI ആണ് 2025 ലെ പട്ടിക പുറത്തിറക്കിയത്.
ഏതായാലും പട്ടികയിലെ ആദ്യ പത്തു നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒരു സ്ഥലം പോലും ഇടം പിടിച്ചിട്ടില്ല. ഇന്ത്യൻ നഗരങ്ങൾ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് വെളിപ്പെടുത്തുന്നതാണ് NARI റിപ്പോർട്ട്. 31 നഗരങ്ങളിലായി 12,770 സ്ത്രീകളെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്. ഈ സർവേയിൽ ദേശീയ സുരക്ഷ സ്കോർ 65 ശതമാനമായി കണക്കാക്കി. ദേശീയ വനിത കമ്മീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ ആണ് റിപ്പോർട്ട് പുറത്തിറക്കിയത്.
സുരക്ഷയെ കേവലം ഒരു ക്രമസമാധാന പ്രശ്നമായി കാണാൻ കഴിയില്ലെന്നും ഒരു സ്ത്രീയുടെ ആരോഗ്യം, വിദ്യാഭ്യാസം, ആരോഗ്യം, ജോലി, അവസരങ്ങൾ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങി എല്ലാ വശങ്ങളെയും ബാധിക്കുന്ന ഒന്നായി കണക്കാക്കണമെന്നും അവർ പറഞ്ഞു.
∙NARI റിപ്പോർട്ടിൽ പറയുന്നത്
സർവേയിൽ പങ്കെടുത്ത 60 ശതമാനം സ്ത്രീകളും തങ്ങൾ താമസിക്കുന്ന നഗരത്തിൽ സുരക്ഷിതരാണെന്ന് പറഞ്ഞു. എന്നാൽ, 40 ശതമാനം പേർ തങ്ങൾ സുരക്ഷിതരല്ലെന്നും സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി. ഇന്ത്യൻ നഗരങ്ങളിലെ സുരക്ഷ ഏകീകൃതമല്ലെന്നും അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ധാരാളം കാര്യങ്ങൾ ഉണ്ടെന്നും സർവേയിൽ പങ്കെടുത്തവർ വ്യക്തമാക്കുന്നു.
∙രാത്രിയിൽ സുരക്ഷ കുറവ്, പൊതുഗതാഗതത്തിലും
രാത്രിയിൽ യാത്ര ചെയ്യുന്നതിൽ സുരക്ഷ കുറവ് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇരുട്ട് വീണതിന് ശേഷം സ്ത്രീകൾക്ക് ലഭിക്കുന്ന സുരക്ഷയിൽ കുത്തനെ ഇടിവ് സംഭവിച്ചതായാണ് റിപ്പോർട്ട്. രാത്രിയിൽ വിനോദ ഇടങ്ങൾ സന്ദർശിക്കുന്നതിലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും സ്ത്രീകൾക്ക് സുരക്ഷാസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ട്. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുരക്ഷിതരാണെന്ന് 86 ശതമാനം സ്ത്രീകളും വ്യക്തമാക്കി. എന്നാൽ, കാമ്പസിന് പുറത്ത് അത്ര സുരക്ഷിതത്വം ഇല്ലെന്നാണ് അഭിപ്രായം.
∙NARI 2025: സ്ത്രീകൾക്ക് സുരക്ഷിതമായ നഗരങ്ങൾ
കൊഹിമ – നാഗാലാൻഡ്
നാഗാലാൻഡിൻ്റെ മനോഹരമായ തലസ്ഥാനനഗരമാണ് കൊഹിമ. രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനമാണ് കൊഹിമയ്ക്ക്. സ്ത്രീകൾക്ക് വളരെ സുരക്ഷിതമായി അനുഭവപ്പെടുന്ന ഇവിടെ സ്ത്രീകൾ ഉയർന്ന നിലയിൽ ബഹുമാനിക്കപ്പെടാറുമുണ്ട്. മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൊഹിമയിൽ കുറ്റകൃത്യനിരക്ക് വളരെ കുറവാണ്. സ്ത്രീ – പുരുഷ സമത്വത്തിലൂന്നിയ സംവിധാനങ്ങളാണ് ഇവിടെ ഏറെയും.
∙വിശാഖപട്ടണം – ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാനമായ വിശാഖപട്ടണമാണ് സ്ത്രീകൾക്ക് സുരക്ഷിതമായ രണ്ടാമത്തെ നഗരം. സുരക്ഷിതമായ ഗതാഗത സംവിധാനങ്ങളും തെരുവുകളും സ്ത്രീകൾക്ക് വേണ്ടി സജ്ജമാക്കിയാണ് സുരക്ഷിത നഗരത്തിൻ്റെ പട്ടികയിൽ വിശാഖപട്ടണം രണ്ടാമത് എത്തിയത്. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി സ്ത്രീകേന്ദ്രീകൃത പദ്ധതികളും ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്.
∙ഭുവനേശ്വർ – ഒഡിഷ
ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. മികച്ച ഗതാഗതസംവിധാനങ്ങളും ജാഗ്രതയോടെയുള്ള സുരക്ഷ സംവിധാനങ്ങളുമാണ് ഭുവനേശ്വറിനെ ഈ പട്ടികയിൽ മൂന്നാമത് എത്തിച്ചത്. സുരക്ഷസംവിധാനങ്ങൾ ഇത്രയും ശക്തമായി ഒരുക്കിയതോടെ പൊതുവിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതരായി അനുഭവപ്പെടുന്നു. നാരി റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളുടെ പട്ടികയിൽ ഭുവനേശ്വറും പരിഗണിക്കപ്പെടുന്നു.
∙ഐസ്വാൾ – മിസോറാം
മിസോറാമിന്റെ തലസ്ഥാനമാണ് ഐസ്വാൾ. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ വളരെ ശക്തമായ സാമൂഹ്യ വ്യവസ്ഥിതിയാണ് ഇവിടെയുള്ളത്. സ്ത്രീകൾക്ക് ബഹുമാനം നൽകുന്നതിലും അതിക്രമങ്ങളും ക്രൂരകൃത്യങ്ങളും കുറയ്ക്കുന്നതിലും ഐസ്വാൾ മുമ്പിലാണ്.
∙ഗാങ്ടോക്ക് – സിക്കിം
വടക്കു കിഴക്കൻ സംസ്ഥാനമായ സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്ക് ആണ് പട്ടികയിലെ മറ്റൊരു നഗരം. വലുപ്പത്തിൽ വളരെ ചെറുതാണ് എന്നതും വളരെ മനോഹരമായി ആസൂത്രണം ചെയ്തിരിക്കുന്ന നഗരവും സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. സർക്കാരിന്റെ ഏറ്റവും പ്രധാന പരിഗണന വൃത്തിയോടെ പരിപാലിക്കുക എന്നതും സ്ത്രീകൾക്ക് അനുകൂലമായ പരിസ്ഥിതി ഉറപ്പു വരുത്തുക എന്നതുമാണ്.
∙ഇറ്റാനഗർ – അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗർ സ്ത്രീകൾക്ക് വളരെ സുരക്ഷിതമായ ഒരു ഇടമായാണ് പരിഗണിക്കപ്പെടുന്നത്. നഗരം ചെറുതായിരിക്കുന്നതും ഇവിടുത്തെ കുറഞ്ഞ ജനസംഖ്യയും സുരക്ഷ കാര്യങ്ങൾ വളരെ എളുപ്പമാക്കുന്നു. നാരി റിപ്പോർട്ട് അനുസരിച്ച് സ്ത്രീകൾക്ക് വളരെ സുരക്ഷിതമായ ഇടങ്ങളിൽ ഒന്നാണ് ഇറ്റാനഗർ.
∙മുംബൈ – മഹാരാഷ്ട്ര
മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയാണ് പട്ടികയിൽ ഏഴാമത്. ഇന്ത്യയിൽ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ മെട്രോകളിൽ ഒന്നായി മുംബൈ ആണ് കണക്കാക്കപ്പെടുന്നത്. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഹെൽപ് ലൈനുകളും ഗതാഗത സംവിധാനങ്ങളിൽ സംവരണവും ഒരുക്കിയിട്ടുണ്ട്. അതേസമയം, സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത നഗരങ്ങളിൽ രാജ്യതലസ്ഥാനമായ ഡൽഹിയും ഉൾപ്പെടുന്നു. പാട്ന, ജയ്പൂർ, ഫരീദാബാദ്, ഡൽഹി, കൊൽക്കത്ത, ശ്രീനഗർ, റാഞ്ചി എന്നീ സ്ഥലങ്ങളാണ് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങളായി നാരി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
















