വോൾവോയുടെ ആഡംബര എസ്‍യുവി ഗാരേജിലെത്തിച്ച് സിനിമാതാരം ചെമ്പൻ വിനോദ്. വാഹനത്തിന്റെ എക്സ്ഷോറൂം വില ഏകദേശം 96.97 ലക്ഷം രൂപയാണ്. വോൾവോയുടെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നാണ് എക്സ്‌സി 90. മാർച്ചിലാണ് എക്സ്‌സി 90യുടെ പുതിയ മോഡൽ വോൾവോ ഇന്ത്യയിലെത്തിച്ചത്.
ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങൾ നിർമിക്കുന്നതിൽ പേരു കേട്ട വോൾവോയുടെ ഏറ്റവും വലിയ എസ്‍യുവി എക്സ്‌സി 90യാണ് താരത്തിന്റെ വാഹനം. പുതിയ ഗ്രിൽ, ‘തോർ ഹമർ’ ഹെഡ്‌ലാംപുകൾ, മാറ്റങ്ങൾ വരുത്തിയ ബംബർ, ഡാർക്കർ ടെയില് ലാംപ്, പുതിയ അലോയ് വീല്‍ ഡിസൈൻ, ഉയർന്ന 267 എംഎം ഗ്രൗണ്ട് ക്ലിയറൻസ്, വലിയ 11.2 ഇഞ്ച് ടച്ച് സ്ക്രീൻ എന്നിവയുണ്ട്.
2 ലീറ്റർ നാലു സിലിണ്ടർ ടർബോ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിൽ. 48 വാട്ട് ബാറ്ററിയും വാഹനത്തിൽ ഉപയോഗിക്കുന്നു. 250 എച്ച്പി കരുത്തും 360 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. വേഗം നൂറ് കടക്കാൻ 7.7 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഉയർന്ന വേഗം 180 കിലോമീറ്ററാണ്.
















