കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിലെ മൈം പ്ലേ മത്സരവുമായി ബന്ധപ്പെട്ട് പ്രചരിച്ച വിവാദങ്ങൾക്ക് അടിസ്ഥാനമായ യഥാർത്ഥ സംഭവം വിശദീകരിച്ച് അധ്യാപകൻ ഡോ. ശിവലാൽ കെ.ജി രംഗത്ത്. പാലസ്തീൻ അനുകൂല വിഷയമായതുകൊണ്ടാണ് മൈം പ്ലേ തടഞ്ഞതെന്ന മാധ്യമ വാർത്തകൾ നുണയാണെന്നും മത്സരത്തിലെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് കർട്ടൻ ഇടേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അധ്യാപകൻ ഡോ. ശിവലാൽ കെ.ജിയുടെ വാക്കുകൾ :
കാസർഗോഡ് കുമ്പള ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ പാലസ്തീൻ അനുകൂല മൈം പ്ലേ അദ്ധ്യാപകർ തടഞ്ഞു എന്ന നുണ വാർത്തയ്ക്ക് അടിസ്ഥാനമായ യഥാർഥ സംഭവം ഇങ്ങനെയാണ്. ആകെ രണ്ടു ടീമാണ് ഹയർസെകണ്ടറി വിഭാഗം മൈം പ്ലേയ്ക്ക് ഉണ്ടായിരുന്നത്. അതിൽ ഒരു ടീം പത്തു പേരുമായാണ് മത്സരത്തിന് വന്നത്. മൈം പ്ലേയിൽ പരമാവധി 7 പേരാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യം കുട്ടികളെ അധ്യാപകർ ബോധ്യപ്പെടുത്തി.
മാത്രമല്ല മൈം പ്ലേയിൽ ഒരു പ്രോപ്പർട്ടീസും ഉപയോഗിക്കാൻ പാടില്ല. ( നാടകത്തിലെ പോലെ കത്തി,വാൾ, പോസ്റ്റർ, കൊടികൾ ഒന്നും അനുവദിക്കാൻ കലോത്സവ മാന്വൽ അനുസരിച്ച് പാടില്ല.) കുട്ടികൾ തുടക്കത്തിൽ പാവ പോലുള്ള വസ്തുകൾ ഉപയോഗിച്ചെങ്കിലും മൈം അധ്യാപകർ തടസ്സപ്പെടുത്തിയില്ല. അല്പം കഴിഞ്ഞപ്പോൾ പാലസ്തീൻ അനുകൂല പോസ്റ്ററുകളും കൊടികളും കുട്ടികൾ പുറത്തെടുത്തു. കൊടികളുമായി മൈം പ്ലേയിൽ ഇല്ലാത്ത കുട്ടികൾ സ്റ്റേജിൽ കയറാനും തുടങ്ങി.
അപ്പോഴാണ് അധ്യാപർക്ക് കർട്ടൻ ഇടേണ്ടി വന്നത്. കലോത്സവം തടസ്സപ്പെട്ടു. തുടർന്ന് പാലസ്തീൻ അനുകൂലമായ മൈം ആയതു കൊണ്ടാണ് തടയപ്പെട്ടത് എന്ന് പ്രചരിപ്പിക്കപ്പെടുകയും പുറമേ നിന്നുള്ളവരുടെ ഇടപെടൽ ഉണ്ടാവുകയും കാര്യങ്ങൾ കൈവിട്ടുപോവുകയും ചെയ്തു. 24, reporter തുടങ്ങിയ മാധ്യമങ്ങൾ സാധാരണ ചെയ്യാറുള്ളതുപോലെ കാര്യങ്ങൾ വളച്ചൊടിക്കുകയും അവരുടെ അന്നത്തെ ‘തീറ്റ ‘ ഉണ്ടാക്കുകയും ചെയ്തു. ഇതാണ് യാഥാർഥ്യം! ഇതു മാത്രമാണ് യാഥാർഥ്യം!
തങ്ങളുടെ ജോലി എപ്പോഴും കൃത്യമായി ചെയ്യുന്ന മികച്ച അധ്യാപകരായ പ്രദീപ് സാറിനും സുപ്രീത് സാറിനും ഒപ്പം നിൽക്കുന്നു.നുണ പ്രചരിപ്പിച്ച മാധ്യമങ്ങളെ അപലപിക്കുന്നു. നുണയിൽ വീണ് ഈ മികച്ച അധ്യാപകരെ ചെളി വാരിയെറിഞ്ഞ് ആത്മവിശ്വാസത്തെ കെടുത്താൻ ശ്രമിച്ച വ്യക്തികളോടും സംഘടനകളോടും സഹതപിക്കുന്നു.
















