ബീഹാർ തിരഞ്ഞെടുപ്പ് 2025 തീയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം നവംബർ 6 നും രണ്ടാം ഘട്ടം നവംബർ 11 നും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. നവംബർ 14 നാണ് വോട്ടെണ്ണൽ.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിച്ചതോടെ ബീഹാറിൽ തിരഞ്ഞെടുപ്പ് ഗോദയൊരുങ്ങി. സംസ്ഥാനത്ത് നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും.
“ബീഹാറിലെ വോട്ടർമാരോട് തിരഞ്ഞെടുപ്പ് കമ്മീഷന് പറയാനുള്ളത്, നിയമം അനുസരിച്ചും ക്രമസമാധാനം പാലിച്ചും സുതാര്യമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഉറപ്പാക്കും എന്നാണ്. ആകെ 7.43 കോടി വോട്ടർമാരാണുള്ളത്, ഇതിൽ 14 ലക്ഷത്തോളം കന്നിവോട്ടർമാരുണ്ട്,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
243 അംഗ ബീഹാർ നിയമസഭയുടെ കാലാവധി നവംബർ 22 ന് അവസാനിക്കും, അതിനാൽ സുഗമമായ ഭരണ കൈമാറ്റത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനം നിർണായകമാണ്.
നിരവധി രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണത്തെ ഏറ്റവും ജനപ്രിയമായ ബീഹാർ ഉത്സവമായ ഛഠ് പൂജയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ക്രമീകരിച്ചത്. ഛഠ് പൂജ ഈ മാസം അവസാനമാണ് വരുന്നത്.
















