കോലഞ്ചേരി: മന്ത്രി പി.രാജീവിനും പി.വി.ശ്രീനിജന്‍ എം.എല്‍.എയ്ക്കും എതിരെ ഗുരുതര ആരോപണവുമായി സാബു.എം.ജേക്കബ്ബ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് കോലഞ്ചേരിയിൽ ട്വന്റി20യുടെ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു നേതാക്കൾക്കെതിരെ ഗുരുതര ആരോപണം അദ്ദേഹം ഉന്നയിച്ചത്. മനോരമ ന്യൂസ് പുറത്തുവിട്ട വീഡിയോ കാണാം.
കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥിയാകാൻ പി.വി. ശ്രീനിജിൻ എം.എൽ.എ തന്നെ സമീപിച്ചുവെന്നാണ് സാബു പറയുന്നത്. ശ്രീനിജിൻറെ കൈയ്യിലിരിപ്പ് അറിയാവുന്നതുകൊണ്ട് സന്തോഷപൂർവ്വം ആ ആവശ്യം ഒഴിവാക്കുകയായിരുന്നു. ശ്രീനിജിന് തന്നോട് ഭയങ്കര സ്നേഹം ആണെന്നും അങ്ങനെയാണ് ഒരു ദിവസം അദ്ദേഹം സ്ഥാനാർഥിയാകാൻ വേണ്ടി കാണാൻ വന്നതെന്നും സാബു പരിഹസിച്ചു.
സി.പി.എം നേതാവായ മന്ത്രി പി. രാജീവും ടി.എൻ. മോഹനനും രസീതുകളില്ലാതെ തന്റെ പക്കൽ നിന്ന് പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. ‘ടി.എൻ. മോഹനൻ, മന്ത്രി രാജീവ് തുടങ്ങി എല്ലാനേതാക്കളും നമ്മുടെ അടുത്ത് വന്ന് തലയിൽ മുണ്ടും ഇട്ടോണ്ട് പൈസ വാങ്ങി പോയിട്ടുണ്ട്. ഒരു റസീപ്റ്റും തന്നിട്ടില്ല. ഈ പണം പാർട്ടിയിലും പോയിട്ടുണ്ടാവില്ല. പോക്കറ്റിൽ ഇട്ടിട്ടുണ്ടാവും’ – സാബു പറഞ്ഞു.
ഇൻഡ്യ മുന്നണിക്കെതിരെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി മത്സരിക്കുന്നതെന്ന് സാബു പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 60 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കൊച്ചി കോർപറേഷനിലും മത്സരിക്കാനാണ് ട്വന്റി ട്വന്റിയുടെ നീക്കം. 1600 സ്ഥാനാർഥികളെ നിർത്തും. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും മുഴുവൻ സീറ്റുകളിലും ട്വന്റി ട്വന്റി വിജയിക്കുമെന്നും സാബു എം. ജേക്കബ് അവകാശവാദം ഉന്നയിച്ചു. അധികാരത്തിൽ വരുന്ന എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സർവീസ് ഏർപ്പെടുത്തുമെന്നും സഞ്ചരിക്കുന്ന ആശുപത്രി നടപ്പാക്കുമെന്നും സാബു പറഞ്ഞു.‘വിലക്കയറ്റം പിടിച്ചു നിർത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സമ്പൂര്‍ണ പരാജയമാണ്. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ശബരിമലയിലെ സ്വര്‍ണ്ണം കടത്തിക്കൊണ്ടുപോയിരിക്കുന്നു. അയ്യപ്പസ്വാമി തന്നെ ഇപ്പോള്‍ സുരക്ഷിതനല്ലാത്ത സാഹചര്യമാണിപ്പോള്‍ കേരളത്തില്‍. അഴിമതി നടത്താതെ ഭരണം നടത്തുന്ന ട്വന്റി 20 പഞ്ചായത്തുകളില്‍ 80 തവണയാണ് പിണറായിയുടെ വിജിലന്‍സ് കയറിയിറങ്ങിയത്. അഴിമതി ഇല്ലാതെ ഭരിച്ചാല്‍ ഓരോ പഞ്ചായത്തിലും ഒരു വര്‍ഷം രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെ മിച്ചം വരും. കിഴക്കമ്പലത്ത് പത്ത് വര്‍ഷവും മറ്റ് പഞ്ചായത്തുകളില്‍ അഞ്ച് വര്‍ഷവും ഭരിച്ചുകഴിഞ്ഞപ്പോള്‍ 50 കോടി രൂപ പഞ്ചായത്തുകളില്‍ മിച്ചം വന്നിട്ടുണ്ട്’ -സാബു പറഞ്ഞു.
















