പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, സൗത്ത് വെയിൽസിലെ ന്യൂപോർട്ടിൽ ഐടി എൻജിനീയറായ ജെയിംസ് ഹോവൽസ് എന്നയാൾ 8000 ബിറ്റ്കോയിനുകൾ അടങ്ങിയ ഒരു ഹാർഡ് ഡ്രൈവ് അബദ്ധത്തിൽ വലിച്ചെറിഞ്ഞു. ഇന്ന്, 950 മില്യൺ ഡോളർ വിലമതിക്കുന്ന ആ ഹാർഡ് ഡ്രൈവ് ഇപ്പോഴും കാണാനില്ല.
ക്രിപ്റ്റോ കറൻസികളിലെ രാജാവ് അന്നുമിന്നും ബിറ്റ്കോയിൻ തന്നെയാണ്. ക്രിപ്റ്റോ കറൻസിയുടെ യുഗം ലോകത്തു തുടങ്ങിയതും ബിറ്റ്കോയിനിലൂടെയാണ്. ആദ്യകാലത്ത്, സ്വാഭാവികമായും ബിറ്റ്കോയിന്റെ മൂല്യം വളരെ കുറവായിരുന്നു. പല കംപ്യൂട്ടർ എൻജിനീയർമാരും സ്വന്തമായി മൈൻ ചെയ്തും ബിറ്റ്കോയിനുകൾ പണ്ട് സൃഷ്ടിച്ചിരുന്നു.
ഒരിക്കൽ ഒരു അബദ്ധം സംഭവിച്ചു
ഈ ഹാർഡ് ഡിസ്ക് ഹോവെൽസ് അറിയാതെ ചവറ്റുകൊട്ടയിലിട്ടു. അതവിടെനിന്ന് മുനിസിപ്പാലിറ്റി ജീവനക്കാർ ശേഖരിക്കുകയും ന്യൂപോർട്ട് എന്ന സ്ഥലത്തെ ഒരു മാലിന്യസംസ്കരണ മേഖലയിലെത്തിക്കുകയും ചെയ്തു.താഴ്ന്ന ഭൂമിയിൽ മാലിന്യമിട്ടു നികത്തി അതു നിരപ്പാക്കുന്ന മേഖലയായിരുന്നു ഇത്. ഇതിലേക്കു വീണ മാലിന്യങ്ങളിൽ ആ ഹാർഡ് ഡിസ്കും പെട്ടു.
പിൽക്കാലത്തു ബിറ്റ്കോയിന്റെ മൂല്യം കുതിച്ചുയർന്നു. താൻ കാണിച്ച മണ്ടത്തരത്തിൽ ആകെ വിഷണ്ണനായിപ്പോയ ഹോവെൽസ് ആ മാലിന്യമേഖല ഖനനം ചെയ്യാനും തന്റെ ഹാർഡ് ഡിസ്ക് എടുക്കാനും സഹായിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ ഭരണസമിതിയെ സമീപിച്ചു. എന്നാൽ പാരിസ്ഥിതികമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഭരണസമിതി ഈ ആവശ്യം നിരാകരിച്ചു.
ഇന്നു ലഭിക്കുക ഏകദേശം 8665 കോടി രൂപ
തിരിച്ചെടുത്താൽ, തനിക്കു കിട്ടുന്ന തുകയുടെ 30 ശതമാനം വരെ നൽകാമെന്നുള്ള ഹോവെൽസിന്റെ ഓഫറും തദ്ദേശ ഭരണസമിതി പരിഗണിച്ചില്ല. 12 വർഷമായി ഹോവെൽസ്, തന്റെ ബിറ്റ്കോയിൻ തിരിച്ചുകിട്ടാനുള്ള നിയമപ്പോരാട്ടം തുടരുകാണ്. ആ ഹാർഡ് ഡ്രൈവ് കിട്ടിയാൽ ഇന്നു ലഭിക്കുക ഏകദേശം 8665 കോടി രൂപയാണ്.
















