ദീര്‍ഘകാല കൊവിഡ് ബാധിച്ചവരുടെ ഹ്യദയമിടിപ്പില്‍ വ്യതിയാനം നേരിടുന്നുണ്ടെന്ന് കണ്ടെത്തി പുതിയ പഠനം. പോസ്റ്റുറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം എന്നാണ് ഈ അസാധാരണ രോഗം അറിയപ്പെടുന്നത്. സ്വീഡനിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ദീര്‍ഘകാല കൊവിഡ് രോഗികളില്‍ പ്രത്യേക പഠനം നടത്തിയത്. കൊവിഡ് ഉള്ള രോഗികളിൽ മൂന്നിലൊന്ന് പേരിലും പിഒടിഎസ് സംഭവിക്കുന്നുണ്ടെന്ന് ഇവര്‍ കണ്ടെത്തി.
മധ്യവയസ്‌കരായ സ്ത്രീകളിലാണ് പുരുഷന്മാരേക്കാൾ കൂടുതലായി കാണപ്പെടുന്നതെന്നാണ് പഠനം പറയുന്നത്. ഈ വൈകല്യം നേരിടുന്ന രോഗികള്‍ കിടന്നിട്ട് എഴുന്നേല്‍ക്കുമ്പോഴാണ് ഹൃദയമിടിപ്പ് അസാധാരണമായി കൂടുന്നത്. ഈ വൈകല്യം ബാധിച്ച ആളുകൾക്ക് പെട്ടന്ന് എഴുന്നേറ്റു നിൽക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പഠനം തെളിയിച്ചു. വിശ്രമത്തിലും അധ്വാനത്തിലും അവരുടെ ഹൃദയം സാധാരണയേക്കാൾ വേഗത്തിൽ മിടിക്കുന്നു. രോഗികൾക്ക് ക്ഷീണവും ജോലികളില്‍ ഏര്‍പ്പടാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവപ്പെടുന്നു.
കൊവിഡ് ബാധിച്ച രോഗികളില്‍ പല പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ദീര്‍ഘകാല കൊവിഡ് ബാധിച്ച രോഗികളുടെ ഹൃദയമിടിപ്പുമായി ബന്ധപ്പെട്ടുള്ള പഠനത്തിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഗവേഷകർ പറഞ്ഞു. “മുൻപ് ചെറിയ പഠനങ്ങൾ ഹൃദയതാളത്തില്‍ ഒരു ബന്ധമുണ്ടെന്ന് തെളിയിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ കൊവിഡ് ഉള്ള രോഗികളിൽ പിഒടിഎസ് വളരെ സാധാരണമായ ഒരു അവസ്ഥയാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ആരോഗ്യ പരിപാലന വിദഗ്‌ധർക്കും രോഗികൾക്കും ഇത് വിലപ്പെട്ട അറിവാണ്.” കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിസിൻ വകുപ്പിലെ വിദ്യാർഥി മൈക്കൽ ബ്യോൺസൺ പറഞ്ഞു.
ആർറിഥ്മിയ ആൻഡ് ഇലക്ട്രോഫിസിയോളജി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ദീർഘകാല കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാത്ത 467 രോഗികളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ദീർഘകാല കൊവിഡ് ഉണ്ടാകുന്നതിന് മുമ്പ് അവര്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. പങ്കെടുത്തവരിൽ മുപ്പത്തിയൊന്ന് ശതമാനം പേർക്ക് പിഒടിഎസ് സ്ഥിരീകരിച്ചു.
അതേസമയം 27 ശതമാനം പേർക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും രോഗനിർണയത്തിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ബാക്കിയുള്ള 42 ശതമാനം പേർക്ക് പിഒടിഎസിൻ്റെ ലക്ഷണങ്ങളൊന്നുമില്ല. നടത്തിയ പരിശോധനകളിൽ രോഗനിർണയമുള്ള രോഗികൾക്ക് ഹൃദയമിടിപ്പ് ഗണ്യമായി ഉയർന്നിരുന്നു. അതുപോലെ അവരില്‍ ശാരീരരിക ബുദ്ധിമുട്ടുകള്‍ കൂടുതലാണെന്നും കണ്ടെത്തി.
“ആരോഗ്യ സംരക്ഷണത്തിനായി ലഭ്യമായ ചെലവുകുറഞ്ഞതും ലളിതവുമായ പരിശോധനകൾ ഉപയോഗിച്ച് പിഒടിഎസ് കണ്ടെത്താന്‍ കഴിയും. രോഗനിർണയം ലഭിക്കുന്നവർക്ക്, രോഗലക്ഷണങ്ങൾ ലഘൂകരിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കഴിയുന്ന ചികിത്സകളുണ്ട്.” കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസർ ജൂഡിത്ത് ബ്രൂച്ച്ഫെൽഡ് പറഞ്ഞു.
കിടക്കുന്ന സ്ഥാനത്ത് നിന്ന് നിൽക്കുന്ന സ്ഥാനത്തേക്ക് മാറുമ്പോഴും, വ്യായാമ വേളയിലും ഹൃദയമിടിപ്പിൽ ഗണ്യമായ വർധനവ് രോഗികളില്‍ അനുഭവപ്പെടുന്നു. തലകറക്കം, ബ്രെയിൻ ഫോഗ്, കഠിനമായ ക്ഷീണം തുടങ്ങിയ രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ദീർഘകാല കൊവിഡ് രോഗികളെ ചികിത്സയ്ക്ക് വിധേയമാക്കണെന്ന് ഗവേഷകര്‍ പറയുന്നു.
















