ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക് തെളിവുകൾ നിരത്തി ദേവസ്വം വിജിലൻസ്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിശദീകരണം. 2019ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി, ചെമ്പു പാളി എന്ന് റിപ്പോർട്ട് നൽകിയത് ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്. അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണർ കെ എസ് ബൈജു ,എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് എന്നിവർക്കെതിരെയാണ് കണ്ടെത്തൽ.
മുരാരി ബാബു 2024 ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ സ്വർണ്ണപ്പാളി നവീകരണത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ദേവസ്വം ബോർഡ് നിരാകരിച്ചുവെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 2024ൽ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു മുരാരി ബാബു. 2023ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട നെയ് തേങ്ങ അഭിഷേകവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് 2024ൽ മുരാരി ബാബു കത്ത് നൽകിയത്.
അതേസമയം ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളിയിൽ കവർച്ച നടന്നെന്ന് ഇടക്കാല റിപ്പോർട്ടിൽ ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചിരുന്നു. സ്വർണം പൂശാൻ താത്പര്യമറിയിച്ച് 2019 ൽ ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡിന് അയച്ച ഇ- മെയില്‍ സന്ദേശമടക്കമുള്ള വിവരങ്ങൾ ദേവസ്വം വിജിലൻസ് സെക്യൂരിറ്റി ഓഫിസർ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയ സ്വർണ്ണപ്പാളിയല്ല തിരികെ എത്തിച്ചതെന്ന് ഫോട്ടോ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. തിരികെ എത്തിച്ച സ്വർണ്ണപ്പാളികളുടെ കാലപ്പഴക്ക നിർണ്ണയ പരിശോധന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാകും വിഷയം അന്വേഷിക്കുക. ഗൂഢാലോചനയ്ക്ക് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്നും, ഉദ്യോഗസ്ഥരുമുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. സൈബർ വിദഗ്ധർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിന്റെ ഭാഗമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാനാണ് നിർദേശം. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.
STORY HIGHLIGHT : Devaswom Vigilance presents evidence of official lapses in the Sabarimala swarnapali controversy
















