യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ. ആഗോളസമാധാനത്തിനും യുദ്ധത്തില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായി ട്രംപ് നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കി നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലൂടെയാണ് അവര്‍ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ഇതിനുമുന്നോടിയായി, ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന ‘ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിങ് ഫാമിലീസ് ഫോറം’ എന്ന കൂട്ടായ്മയാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് കത്ത് അയച്ചിരിക്കുന്നത്.
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ട്രംപിന്റെ പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്ന കത്തില്‍, ആഗോള സമാധാനത്തിന് നല്‍കിയ അഭൂതപൂര്‍വമായ സംഭാവനകളെ മാനിച്ച് ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് കൂട്ടായ്മ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ലോകസമാധാനത്തിന് പ്രസിഡന്റ് ട്രംപിനെക്കാള്‍ കൂടുതല്‍ സംഭാവന നല്‍കിയ മറ്റൊരു നേതാവോ സംഘടനയോ ഇല്ല. മാസങ്ങള്‍ക്ക് ശേഷം ആദ്യമായി, ബന്ദികളെ സംബന്ധിച്ച ഞങ്ങളുടെ ദുഃസ്വപ്നം അവസാനിക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷ കൈവന്നിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ഗാസയില്‍ 48 ബന്ദികളുണ്ടെന്നും അവരില്‍ 20 പേര്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി, തടവിലാക്കപ്പെട്ട നൂറുകണക്കിന് പലസ്തീനികളെ വിട്ടയക്കുന്നതിന് പകരമായി ബന്ദികളെ മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
















