മുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ എ, ബി, സി, ഇ, ഇരുമ്പ്, സിങ്ക്, അമിനോ ആസിഡുകൾ, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവ മുരിങ്ങയിലയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. മുടിയിഴകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ഇതിലെ ആന്‍റി ഓക്‌സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷണം നൽകുകയും തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും ചെയ്യും. തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും ഇത് ഗുണം ചെയ്യും. ഇവയെല്ലാം മുടി വളർച്ചയെ പിന്തുണയ്ക്കാൻ ആവശ്യമായ ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ സഹായിക്കും. എന്നാൽ മുടിയുടെ വളർച്ച മെച്ചപ്പെടുത്താൻ മുരിങ്ങയില എങ്ങനെ ഉപയോഗിക്കുന്നു എന്നതും പ്രധാനമാണ്. മുടി വളർച്ച പ്രോത്സാഹിപ്പിക്കാൻ മുരിങ്ങയില ഉപയോഗിക്കേണ്ട ശരിയായ രീതി, മറ്റ് ഗുണങ്ങൾ എന്നിവയെ കുറിച്ച് അറിയാം.
അർജിനൈൻ, മെഥിയോണിൻ, ലൈസിൻ തുടങ്ങിയ അമിനോ ആസിഡുകളാൽ സമ്പന്നമാണ് മുരിങ്ങയില. മുടിയിഴകളെ ശക്തമായി നിലനിർത്താനും ആരോഗ്യകാരമായ വളർച്ചയെ പിന്തുണയ്ക്കാനും ഇത് സഹായിക്കും. മുടി കൊഴിച്ചിലിന്‍റെ പ്രധാന കാരണമായ തലയോട്ടിയിലെ വീക്കം, ജലാംശത്തിന്‍റെ അഭാവം എന്നിവ പരിഹരിക്കാനും മികച്ചതാണിത്. കൂടാതെ രോമകൂപങ്ങളിലേക്കുള്ള രക്തചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നത് വഴി മുടിയുടെ വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.
മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തുകയോ ഹെയർ മാസ്‌കുകളായോ ഉപയോഗിക്കാം. മുരിങ്ങയില പൊടിച്ച് തൈരിലോ വെളിച്ചെണ്ണയിലോ ചേർത്ത് തയ്യാറാക്കുന്ന ഹെയർ മാസ്‌കുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഇത് ആവർത്തിക്കുക. എന്നാൽ കൂടുതൽ ഫലം ലഭിക്കാൻ മുരിങ്ങയില ഡയറ്റിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്. പ്രഭാതഭക്ഷണത്തിന് മുമ്പ് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടീസ്‌പൂൺ മുരിങ്ങയില ചേർത്ത് കഴിക്കാം. മുരിങ്ങയില സ്‌മൂത്തികൾ, ജ്യൂസുകൾ, സൂപ്പുകൾ, സലാഡുകൾ എന്നിവയിൽ ഉൾപ്പെടുത്തിയും കഴിക്കാം. ആഴ്‌ചകൾക്കുള്ളിൽ തന്നെ മികച്ച ഫലങ്ങൾ പ്രകടമാകും.
വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഒരു സൂപ്പർഫുഡാണ് മുരിങ്ങയില. മുടി വളർച്ചയ്ക്ക് മാത്രമല്ല മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച സ്രോതസായതിനാൽ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇത് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കൊളസ്‌ട്രോൾ കുറയ്ക്കുകയും തലച്ചോറിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ശരീരഭാരം കുറക്കാനും വിളർച്ച തടയാനും ഇത് സഹായിക്കും. കരളിനെയും കണ്ണിനെയും അസ്ഥികളെയും സംരക്ഷിക്കാൻ സഹായിക്കുന്ന ഗുണങ്ങളും മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്.
















