വിലക്കയറ്റം മറികടക്കാൻ സ്വന്തം കറൻസിയിൽ നിന്ന് 4 പൂജ്യങ്ങൾ കൂട്ടത്തോടെ വെട്ടി ഇറാന്റെ തന്ത്രം. 10,000 റിയാൽ ഇതോടെ ഇനി വെറും ഒരു റിയാൽ ആകും. ഇതിനുള്ള അനുമതി ഇറാന്റെ പാർലമെന്റ് കേന്ദ്രബാങ്കിന് നൽകി. മൂന്നുവർഷംകൊണ്ടാണ് മാറ്റം പ്രാബല്യത്തിൽ വരുത്തേണ്ടത്. അതുവരെ ഒറ്റ റിയാലും 10,000 റിയാലും പ്രചാരത്തിൽ തുടരും. 3 വർഷംകൊണ്ട് 10,000 റിയാൽ പൂർണമായും ഒഴിവാക്കും.
ദേശീയ കറൻസികളിൽ നിന്ന് പൂജ്യങ്ങൾ കുറയ്ക്കുക എന്ന രീതിക്ക് പഴക്കമേറെയുണ്ട്. ചരിത്രത്തിലുടനീളം, ഒട്ടനവധി രാജ്യങ്ങൾ കടുത്ത പണപ്പെരുപ്പത്തിലൂടെ കടന്നുപോയിട്ടുണ്ട്. ഇത് അവരുടെ കറൻസികളുടെ കടുത്ത മൂല്യത്തകർച്ചയിലേക്ക് നയിച്ചിട്ടുണ്ട്. പലപ്പോഴും ദേശീയ കറൻസികളിൽ പൂജ്യത്തിന്റെ എണ്ണം അവിശ്വസനീയമാംവിധം വർധിച്ചു. പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുകയും കറൻസികളുടെ മൂല്യം അതിവേഗം കുറയുകയും ചെയ്ത രാജ്യങ്ങൾ, സാമ്പത്തിക-വാണിജ്യ ഇടപാടുകൾ ലളിതമാക്കാനും ചെലവ് കുറയ്ക്കുന്നതിനുമായി അവരുടെ കറൻസികളിൽനിന്ന് പൂജ്യങ്ങൾ വെട്ടിക്കുറയ്ക്കാൻ തുടങ്ങി. ചില സർക്കാരുകൾ പല തവണ നോട്ടുകളിൽ നിന്ന് പൂജ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ആധുനിക കാലത്ത് ഇതിന് പല ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിൽ പശ്ചിമ ജർമ്മനി ദേശീയ കറൻസിയിൽ നിന്ന് പൂജ്യങ്ങൾ നീക്കം ചെയ്തിരുന്നു. പിന്നീട് 1960-കളിലും 1970-കളിലും വിവിധ രാജ്യങ്ങൾ- പ്രധാനമായും വികസ്വര രാജ്യങ്ങൾ- ഇതേ നടപടി സ്വീകരിച്ചു.
1949-ൽ റിപ്പബ്ലിക്ക് ഓഫ് ചൈന, 1987-ൽ ബൊളിവിയ, 1991-ൽ നിക്വരാഗ, പെറു, 1993-ൽ കോംഗോ (റിപ്പബ്ലിക്ക് ഓഫ് സയർ) 1994-ൽ യുഗോസ്ലാവിയ, 1996-ൽ ജോർജിയ, 1999-ൽ അങ്കോള എന്നിവരെല്ലാ കറൻസിയുടെ മൂല്യം കുറച്ചിരുന്നു. ബ്രസീൽ പല തവണ അതിന്റെ കറൻസി പുനർമൂല്യനിർണയം ചെയ്ത രാജ്യമാണ്. അയൽരാജ്യമായ അർജന്റീനയും ദേശീയ കറൻസിയുടെ മൂല്യം പല തവണ കുറച്ചിരുന്നു. പക്ഷേ ഈ നടപടികളൊന്നും അവരെ ഉയർന്നുവരുന്ന പണപ്പെരുപ്പത്തിൽ നിന്ന് രക്ഷിച്ചില്ല. സമീപകാലത്ത് തുർക്കി, റൊമാനിയ, സാംബിയ, സിംബാബ്വെ എന്നിവരെല്ലാം ഇടപാടുകൾ ലളിതമാക്കുന്നതിനും അമിത പണപ്പെരുപ്പത്തിന്റെ ആഘാതം നിയന്ത്രിക്കുന്നതിനുമായി അവരുടെ ബാങ്ക് നോട്ടുകളിൽ നിന്ന് പൂജ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. 2005-ൽ തുർക്കി കറൻസിയിൽ നിന്ന് ആറ് പൂജ്യങ്ങളാണ് നീക്കം ചെയ്തത്. സമാനമായി റൊമാനിയയും കറൻസിയുടെ മൂല്യം കുറച്ചിരുന്നു. ഈ പട്ടികയിലേക്കാണ് ഇറാനും എത്തുന്നത്. ദേശീയ കറൻസിയായ റിയാലിൽ നിന്ന് നാല് പൂജ്യങ്ങൾ നീക്കം ചെയ്യാനാണ് നിലവിൽ ഇറാൻ പദ്ധതിയിടുന്നത്.
1979-ൽ ആരംഭിച്ചതാണ് ഇറാന്റെ കറൻസി പ്രതിസന്ധി. പാശ്ചാത്യ പിന്തുണയോടെ ഭരണം നടത്തിയിരുന്ന ഷാ പഹ് ലവി ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് അട്ടിമറിക്കപ്പെട്ടതു മുതൽ. ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് മേഖലയിലെ ഇസ്രയേലിന്റെ ഏക സുഹൃത്തും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയുമായിരുന്നു ഇറാൻ. പടിഞ്ഞാറൻ രാജ്യങ്ങളിലെ വിശാലമായ എണ്ണ വിപണിയുടെ പ്രയോജനം അവർക്ക് വലിയ തോതിൽ ലഭിച്ചിരുന്നു. പ്രതിദിനം നാല് ദശലക്ഷത്തിലധികം ബാരൽ എണ്ണയാണ് അക്കാലത്ത് ഇറാൻ ഉത്പാദിപ്പിച്ചിരുന്നത്. പടിഞ്ഞാറൻ രാജ്യങ്ങളിലെ പ്രാഥമിക ഊർജ വിതരണക്കാരിൽ ഒരാളെന്ന നിലയിൽ ഇറാന് വലിയ വരുമാനം ലഭിച്ചു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് എണ്ണ പണം ഒഴുകി. ഇത് എല്ലാ മേഖലകളിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി. 1969-നും 1979-നും ഇടയിൽ ഒരു യുഎസ് ഡോളർ 70 റിയാലിന് തുല്യമായിരുന്നു. ഇസ്ലാമിക വിപ്ലവത്തിനുശേഷവും കുറച്ചുകാലത്തേക്ക് കറൻസി സ്ഥിരത പുലർത്തിയിരുന്നു.
1979-ലെ അമേരിക്കൻ എംബസിയിലെ ബന്ദി പ്രതിസന്ധി കറൻസിക്ക് വലിയ ആഘാതം സൃഷ്ടിച്ചു. 1979 നവംബർ 4-ന്, ഇസ്ലാമിക വിദ്യാർഥി പ്രവർത്തകർ ടെഹ്റാനിലെ യുഎസ് എംബസിയിൽ അതിക്രമിച്ച് കടന്ന് അമേരിക്കക്കാരെ ബന്ദികളാക്കി. ഇതിന് മറുപടിയെന്നോണം ഇറാന് മേൽ അമേരിക്ക ആദ്യത്തെ ഉപരോധം ഏർപ്പെടുത്തി. ഇതോടെ ദേശീയ കറൻസി വലിയ തോതിൽ ഇടിഞ്ഞു. ഡോളറിനെതിരേ റിയാലിന്റെ മൂല്യം 140 ആയി കുറഞ്ഞു. പിന്നാലെ 1980-ൽ സദ്ദാം ഹുസൈന്റെ നേതൃത്വത്തിൽ സൈനിക ആക്രമണം ഉണ്ടായി. ബന്ദി പ്രതിസന്ധിയേക്കാൾ നിർണായകമായിരുന്നു ഇറാന്റെ സമ്പദ്വ്യവസ്ഥയിലും കറൻസിയിലും യുദ്ധം ചെലുത്തിയ ആഘാതം. ഇറാൻ-ഇറാഖ് യുദ്ധം അവസാനിക്കുമ്പോൾ ഇറാനിയൻ റിയാൽ ഒരു ഡോളറിന് 1,000 എന്ന റെക്കോർഡ് താഴ്ന്ന നിലയിലായിരുന്നു. യുദ്ധാനന്തരം, ഇറാൻ നിർമാണ യുഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു കാലഘട്ടത്തിലേക്ക് പ്രവേശിച്ചു. രാജ്യത്ത് ആദ്യത്തെ ലിബറൽ നയങ്ങളും സ്വകാര്യവത്കരണവും ആരംഭിച്ചു. എട്ട് വർഷത്തെ നിർമാണയുഗത്തിൽ, അധികാര വൃത്തത്തോട് അടുത്തിരിക്കുന്ന ആളുകൾക്ക് വലിയ പ്രയോജനം ലഭിച്ചെങ്കിലും സാധാരണ ഇറാനികളുടെ ജീവിതച്ചെലവ് വർധിച്ചു.
1997-ൽ പരിഷ്‌കരണവാദികൾ രാജ്യത്ത് അധികാരമേൽക്കുമ്പോൾ ഡോളറിന് 4,780 എന്ന നിലയിലായിരുന്നു റിയാൽ. 2005-ൽ കടുത്ത യാഥാസ്ഥിതകനായ മഹമൂദ് അഹമ്മദിനെജാദ് പ്രസിഡന്റായപ്പോൾ, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉപരോധങ്ങളുടെ വേഗത വർദ്ധിച്ചു. 2011 ആയപ്പോഴേക്കും ഒരു ഡോളറിന് 13,570 റിയാൽ എന്ന നിലയിലായിരുന്നു. ആണവ കരാറിൽ നിന്ന് പിന്മാറുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി റിയാലിനെ കൂടുതൽ ദുർബലമാക്കി. 2018-ൽ, യുഎസ് ഡോളറിനെതിരേ റിയാലിന്റെ വിനിമയ നിരക്ക് 60,000 ആയി കുറഞ്ഞു. അതേവർഷം തന്നെ, അമേരിക്ക കരാറിൽ നിന്ന് പിന്മാറി. ടെഹ്റാനിലെ അനൗദ്യോഗിക വിപണിയിൽ ഒരു ഡോളർ 120,000 റിയാലിനാണ് വിറ്റത്. 2018-ലെ യുഎസ് ഉപരോധങ്ങൾക്ക് പിന്നാലെ ഡോളറിനെതിരേ റിയാലിന്റെ മൂല്യം 80 ശതമാനത്തിലധികം ഇടിഞ്ഞു. ഇതിനിടെ ഔദ്യോഗിക മൂല്യം ഇറാൻ 42,000 ആയി നിർണയിച്ചു. ഇറാനും യുഎസും തമ്മിലുള്ള കരാറിന്റെ പ്രതീക്ഷകൾ മങ്ങുകയും റഷ്യയ്ക്ക് ഡ്രോണുകൾ വിറ്റതിന് ടെഹ്റാനിൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ ഇറാനിയൻ റിയാലിന്റെ മൂല്യം വീണ്ടും ഇടിഞ്ഞു. എന്നാൽ, ഔദ്യോഗിക എക്‌സ്‌ചേഞ്ച് റേറ്റിൽ മാറ്റം വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കറൻസി പരിഷ്‌കരിക്കാനുള്ള നീക്കങ്ങൾ ഇറാൻ നടത്തുന്നത്.
















