ചർമം, മുടി, കണ്ണ് എന്നിവയുടെ നിറം നിർണയിക്കുന്ന ഒരു സ്വാഭാവിക പിഗ്മെന്‍റാണ് മെലാനിൻ. മെലാനോസൈറ്റുകൾ എന്ന കോശങ്ങളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. സൂര്യപ്രകശം മൂലമുണ്ടാകുന്ന കേടുപാടുകൾ, കാൻസർ തുടങ്ങിയവയിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണിത്. പ്രായം കൂടുംതോറും മെലാനിൻ ഉത്പാദനം കുറയുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും മെലാനിൻ കുറയുന്നത് സാധാരണമായി മാറിക്കഴിഞ്ഞു. ഇത് അകാല നരയ്ക്ക് കാരണമാകുന്നു. ജനിതക ഘടകങ്ങൾ, മാനസിക സമ്മർദ്ദം, പുകവലി, വൈറ്റമിൻ ബി 12 ന്‍റെ അഭാവം, രാസവസ്‌തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം തുങ്ങിയവയെല്ലാം മെലാനിൻ ഉത്പാദനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ മെലാനിൻ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ മെലാനിൻ ഉത്പാദനം വർധിപ്പിക്കാനും അകാല നര തടയാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഇലക്കറികൾ
പോഷകങ്ങളുടെ കലവറയാണ് പച്ച ഇലക്കറികൾ. ബീറ്റാ കരോട്ടിൻ, ഫോളേറ്റ്, വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മെലാനിൻ ഉത്പാദനത്തെ പിന്തുണയ്ക്കുകയും കേടായ ചർമ കോശങ്ങൾ നന്നാക്കാനും സഹായിക്കും. അതിനാൽ ദിവസേന കലെ പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
തക്കാളി
ശക്തമായ ആന്‍റി ഓക്‌സിഡന്‍റുകളായ ലൈക്കോപീൻ തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദം തടയുകയും ചെയ്യും. അൾട്രാവയലറ്റ് രശ്‌മികൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനും ഇത് സഹായിക്കും.
മുട്ട
പ്രോട്ടീനിന്‍റെ സമ്പന്ന സ്രോതസാണ് മുട്ട. മെലാനിൻ ഉത്പാദനത്തെ പിന്തുണയ്ക്കുന്ന അമിനോ ആസിഡുകളായ ടൈറോസിനും വിറ്റാമിൻ ബിയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കേടായ കോശങ്ങളെ നന്നാക്കാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കും. അതിനാൽ ദിവസേന ഓരോ മുട്ടയെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
മത്തങ്ങാ വിത്തുകൾ
ചെമ്പ്, സിങ്ക്, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവ മത്തങ്ങാ വിത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മെലാനിൻ ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുന്നവയാണ്. ഇതിലെ വിറ്റാമിൻ ഇ, ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ ആന്‍റി ഓക്‌സിഡന്‍റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശനഷ്‌ടത്തിൽ നിന്നും ഓക്‌സിഡേറ്റീവ് സ്ട്രെസിൽ നിന്നും സംരക്ഷിക്കും.
ബദാം
വിറ്റാമിൻ ഇ, ചെമ്പ്, മഗ്നീഷ്യം, സിങ്ക്, ആന്‍റി ഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പുഷ്‌ടമാണ് ബദാം. ഇവയെല്ലാം മെലനോസൈറ്റുകളുടെ ആരോഗ്യത്തെയും മെലാനിൻ ഉൽപാദനത്തെയും പിന്തുണയ്ക്കും. ഓക്‌സിഡേറ്റീവ് സമ്മർദ്ദം, അൾട്രാവയലറ്റ് രശ്‌മികൾ, ഫ്രീ റാഡിക്കലുകൾ എന്നിവയിൽ നിന്നും മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കും.
















