കൊച്ചി: ശബരിമല ശ്രീകോവിലിനോട് ചേർന്നുള്ള ദ്വാരപാലക ശില്പങ്ങളിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ഹൈക്കോടതി, സംഭവം അന്വേഷിക്കാൻ ഉന്നതതല പ്രത്യേക സംഘത്തെ നിയമിച്ച് ഉത്തരവിട്ടു. സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് അന്വേഷണം നിർദേശിച്ചത്. അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നൽകും.
സംഘത്തിന് അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി തെളിഞ്ഞാൽ ഉടൻ കേസ് രജിസ്റ്റർ ചെയ്യണമെന്നും കോടതി കർശന നിർദ്ദേശം നൽകി. അന്വേഷണസംഘം പൂർണമായും കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുകയെന്നും, ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുൻപായി ഹൈക്കോടതിയുടെ അനുമതി തേടിയിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 16-ന് ദ്വാരപാലക പീഠം അതിന്റെ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനം നിർദ്ദേശിച്ചതിലും കോടതി സംശയം പ്രകടിപ്പിച്ചു. ഈ ഇടപാടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശില്പങ്ങൾക്ക് നേരത്തെ തന്നെ സ്വർണാവരണം ഉണ്ടായിരുന്നെന്ന വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
















